മുളന്തുരുത്തി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. രണ്ട് ദിവസത്തെ പരിശീലനപരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജയ സോമൻ നിർവ്വഹിച്ചു.
ഒരു ദിവസം നാല് വിഷയങ്ങളിലാണ് വിദഗ്ദ്ധർ ക്ലാസ് നയിക്കുന്നത്. രണ്ട് ദിവസങ്ങളിലായി എട്ട് വിഷയങ്ങളിൽ പരിശീലനം പൂർത്തിയാകും. കിലയുടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ക്ലാസുകൾ നയിക്കുന്നത്. പരിശീലക അജിത ഷാജിയുടെ നേതൃത്വത്തിലാണ് മുളന്തുരുത്തി ബ്ലോക്കിലെ പരിശീലനം.
തൊഴിലുറപ്പ് നിയമങ്ങൾ, ഏറ്റെടുക്കാവുന്ന പ്രവർത്തികൾ, സാധന സാമഗ്രികൾ വാങ്ങിക്കുമ്പോൾ പാലിക്കേണ്ട രീതികളും മറ്റ് കാര്യങ്ങളും, സുതാര്യത എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ ദിന പരിശീലനം. രണ്ടാം ദിവസം കാലാവസ്ഥാ വ്യതിയാനം, സംയോജന സാധ്യതകൾ, നീർത്തട സംരക്ഷണ പദ്ധതികൾ, വിവിധ മാതൃകാ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകും. പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കും ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് പരിശീലന പരിപാടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ മികച്ച പദ്ധതികളെ പരിശീലകർ ജനപ്രതിനിധികൾക്ക് പരിചയപ്പെടുത്തും.
ജില്ലാ ഫെസിലിറ്റേറ്റർ കെ.കെ രവി, പരിശീലകരായ വി.കെ വത്സലൻ, എൻ. സി ബേബി, ഇ. എ ഇബ്രാഹിം, രാജേശ്വരി ബാലചന്ദ്രൻ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ബ്ലോക്കിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പരിശീലന പരിപാടികളിൽ പങ്കാളികളായി.
ക്യാപ്ഷൻ
തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലനം.