വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടക്കര സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നടത്തിപ്പ് സംവിധാനം വളരെ ഫലപ്രദമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി സംവിധാനമാണ് കേരളത്തിന്റേത്. കേരളത്തിന്റെ ട്രഷറി സംവിധാനം ഡിജിറ്റലായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

2014 മുതലാണ് എടക്കര മേനോന്‍ കുട്ടി ബൈപ്പാസ് റോഡിലെ വാടക കെട്ടിടത്തില്‍ എടക്കര സബ് ട്രഷറി പ്രവര്‍ത്തനമാരംഭിച്ചത്. എടക്കര, വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, പോത്തുകല്ല് എന്നീ ഗ്രാമപഞ്ചായത്തുകളും അതിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളുമാണ് ഈ ട്രഷറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര കോടി രൂപ ചെലവഴിച്ചാണ് 2500 സ്‌ക്വയര്‍ ഫീറ്റില്‍ എടക്കര സബ് ട്രഷറി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

എടക്കര ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നടന്ന പരിപാടിയില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. സിന്ധു, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബോബി സി മാമ്പ്ര, ദീപാ ഹരിദാസ്, എം.എ. ജോസ്, ടി.കെ. ഹഫ്സത്ത്, റംലത്ത് നെയ്തകോടന്‍, എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് എരഞ്ഞിക്കല്‍, മെമ്പര്‍മാരായ പി. ജോസ്മി തോമസ്, കെ.സി. ഷാഹുല്‍ ഹമീദ്, പി.കെ. അബ്ദുല്‍ ഷമീര്‍, ഒ.ടി. ജയിംസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെട്ടിടത്തിന് സ്ഥലം സൗജന്യമായി നല്‍കിയ എ.ജി. സജിമോനെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.