മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ജډനാടായ കിടങ്ങൂരിലെ പി.കെ.വി. സെന്‍റര്‍ ഏര്‍പ്പെടുത്തിയ              പുരസ്കാരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  ക്ക് സമ്മാനിച്ചു. കിടങ്ങൂര്‍ എല്‍.പി.ബി സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പുരസ്കാരദാനം നിര്‍വഹിച്ചു. 

പുരസ്കാരത്തുകയായി ലഭിച്ച പതിനായിരം രൂപ മന്ത്രി ശൈലജ  ടീച്ചര്‍ സാമൂഹിക സുരക്ഷാ മിഷന്‍റെ വീ കെയര്‍ പദ്ധതിക്ക് സംഭാവന ചെയ്തു. സാമുഹിക സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുക ഏറ്റുവാങ്ങി.

സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ചിലവേറിയ ആരോഗ്യ പരിപാലനം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സഹായഹസ്തമേകുന്നതിന് ലക്ഷ്യമിട്ട് തുടക്കം കുറിച്ച വീ കെയര്‍ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് പൊതുജനങ്ങളുടെ സഹകരണം വേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ഗണ്യമായ പുരോഗതിക്ക് വഴിതെളിക്കുകയും പ്രതിസന്ധികളെ ജനപിന്തുണയോടെ അതിജീവിക്കുകയും ചെയ്ത മന്ത്രിയാണ് ശൈലജ ടീച്ചറെന്ന് മന്ത്രി തിലോത്തമന്‍ പറഞ്ഞു.  പി.കെ.വി. സെന്‍റര്‍ പ്രസിഡന്‍റ് ജി. വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അനുമോദന പ്രഭാഷണവും മോന്‍സ് ജോസഫ് എം.എല്‍.എ സ്കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. മുന്‍ മന്ത്രി വി.എം. സുധീരന്‍ പി.കെ.വി. സ്മാരക പ്രഭാഷണം നടത്തി. 
കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു.  മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, സി.കെ. ശശിധരന്‍, ജൂറി സെക്രട്ടറി അഡ്വ. പി.കെ. ചിത്രഭാനു, അഡ്വ. സണ്ണി ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു.