ജനകീയം ഈ അതിജീവനം – സാമൂഹിക സംഗമം

പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം എന്ന സാമൂഹിക സംഗമം സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൂര്‍ണമായും തകര്‍ന്ന വീടുകളില്‍ ഭൂരിഭാഗവും നിര്‍മിച്ച് കഴിഞ്ഞു. ആനൂകൂല്യങ്ങള്‍ ഏറിയപങ്കും കൊടുത്തു തീര്‍ത്തു. ജൂണ്‍ 30 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കി. അവയാണ് ഇപ്പോള്‍ നല്‍കുന്നത്. 2000 ലധികം വീടുകള്‍ നിര്‍മിച്ച സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി മികച്ച രീതിയിലാണ് നടപ്പിലാക്കിയത്. ലൈഫ് പദ്ധതി വഴിയും സന്നദ്ധ സംഘടനകള്‍ സഹകരിച്ചും വീടു നിര്‍മാണത്തില്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കാനായി.

ദീര്‍ഘവീക്ഷണത്തോടെയും ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുമാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 36,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ലോകബാങ്ക് തന്നെ കണക്കാക്കിയിട്ടുള്ളത്. നഷ്ടം നികത്താന്‍ ലോകബാങ്കിനൊപ്പം ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായവും ലഭ്യമാകും എന്ന് ഉറപ്പായിട്ടുണ്ട്.
സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും പുരോഗമിക്കവെ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വീടു വയ്ക്കാന്‍ അനുവദിച്ച സ്ഥലം മാറ്റി നല്‍കണമെന്ന ഒരു കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും അതിന്റെ പേരില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് തിരിച്ചറിയേണ്ടതുണ്ട് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എം. നൗഷാദ് എം എല്‍ എ അധ്യക്ഷനായി. എം എല്‍ എ മാരായ എം. മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, പി. അയിഷാ പോറ്റി, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച പ്രളയശേഷം ഹൃദയപക്ഷം എന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു.