വയനാട് ജില്ലാ വികസന സമിതി യോഗം ആസൂത്രണ ഭവൻ എപിജെ ഹാളിൽ ചേർന്നു. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2019-20 വാർഷിക പദ്ധതി നിർവഹണ പുരോഗതിയും ജൂണിലെ വികസന സമിതിയുടെ തുടർനടപടികളും അവലോകനം ചെയ്തു. നിലവിൽ ജില്ല പദ്ധതി നിർവഹണത്തിനായി ആകെ വിഹിതത്തിന്റെ 13.17 ശതമാനം ചെലവഴിച്ചിട്ടുണ്ട്.

പുകവലി നിരോധന നിയമം 2003ന്റെ ഭാഗമായി മുഴുവൻ സർക്കാർ ഓഫീസുകളിലും മുന്നറിയിപ്പ് ബോർഡ് വയ്ക്കും. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ പ്രവർത്തനം വിലയിരുത്താനും സൗഹൃദപരമായ അന്തരീക്ഷം ഉറപ്പാക്കാനും എഡിഎം, സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. വിവിധ വിഷയങ്ങളിലായി 12 അജണ്ടകൾ സമിതി പരിഗണിച്ചു.

വികസന സമിതി തീരുമാനങ്ങളിൽ നടപടിക്ക് കാലതാമസം ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗൗരവമായി ഇടപ്പെടണം. ജില്ലയുടെ വികസന പ്രവർത്തനങ്ങൾ നൂറു ശതമാനത്തിലെത്തിക്കുകയാണ് സമിതിയുടെ ലക്ഷ്യമെന്നും ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. ബജറ്റിൽ അനുവദിച്ച പ്ലാൻ ഫണ്ട് കാലതാമസമില്ലാതെ ലഭ്യമാക്കാൻ അതാതു വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസർ കെ.എം സുരേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കെ.പി ഷാജു, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ റജി വർഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ഷീല ജോൺ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മീര മോഹൻദാസ് എന്നിവർക്ക് സമിതി യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എഡിഎം കെ. അജീഷ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

2019-20 പദ്ധതി നിർവഹണം ഇതുവരെ…
(തദ്ദേശ സ്വയംഭരണ സ്ഥാപനം – അനുവദിച്ച തുക – ചെലവാക്കിയ തുക – ശതമാനം)
1. ജില്ലാ പഞ്ചായത്ത് – 39,60,83,000 – 2,30,83,000 – 5.82
2. ബ്ലോക്ക് പഞ്ചായത്ത് – 39,75,51,000 – 4,64,73,000 – 11.68
3. മുനിസിപ്പാലിറ്റി – 27,71,40,000 – 5,67,76,000 – 20.48
4. ഗ്രാമപഞ്ചായത്ത് – 125,76,65,000 – 18,04,88,000 – 14.35
ആകെ – 232,84,36,000 – 30,68,20,000 – 13.17