വൈദ്യുതി അപകടങ്ങള്‍ വിളിച്ചറിയിക്കാനും പ്രതിരോധിക്കാനുമുള്ള 9496010101 എന്ന നമ്പര്‍ വൈദ്യുതി പോസ്റ്റില്‍ എഴുതി പതിപ്പിക്കാന്‍ന്‍ ജില്ലാതല അപകടനിവാരണ സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലയില്‍ വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി കുടുംബശ്രീ മുഖേന പഞ്ചായത്ത്തലത്തിലും സ്‌കൂളുകളിലും ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.

വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ ഹൈവേ ബ്രിഡ്ജിലെ ലൈറ്റിംഗ് സംവിധാനത്തിനായി എടുത്തിട്ടുള്ള വയറിംഗ് കൂടുതല്‍ കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ക്ക് കത്തയയ്ക്കും. വിവിഐപികള്‍ പങ്കെടുക്കുന്ന വേദികളിലെ താത്ക്കാലിക വയറിംഗ് ചെയ്യുന്നത് പി.ഡബ്ല്യു.ഡി എഞ്ചിനീയറോ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റൊ അംഗീകരിച്ച ലൈസന്‍സുള്ള വ്യക്തികളായിരിക്കണം.

സ്‌കൂള്‍ മേഖലകളിലും മറ്റുമുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ ഫെന്‍സിംഗ് നടത്താനും വീടിനകത്ത് ഷോക്കേല്‍ക്കുന്നവര്‍ക്കും ഇന്‍ഷൂറന്‍സ് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. 2019 ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 22വരെ ജില്ലയില്‍ ഒന്‍പത് വൈദ്യുത അപകടമരണങ്ങളാണ് നടന്നത്. രണ്ട് മൃഗങ്ങളും ഷോക്കേറ്റ് ചത്തു. ജില്ലയില്‍ വൈദ്യുത അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനായി ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കുമെന്നും യോഗം അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍ഡിഒ ആര്‍.രേണു അധ്യക്ഷയായി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ (ഇലക്ട്രിക്കല്‍) പ്രസാദ് മാത്യു, കെ.ബി. സ്വാമിനാഥന്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. മണികണ്ഠന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.