മുളന്തുരുത്തി: ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്ത് തീരദേശ റോഡുകളുടെ വികസനം ചർച്ചചെയ്യുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഭാവിയെ മുന്നിൽകണ്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തും.

1600 കോടി രൂപയാണ് റീബിൽഡ് കേരള പദ്ധതിയിൽ സംസ്ഥാനം റോഡുകൾക്കായി മാറ്റി വയ്ക്കുന്നത്. 2019- 20 വർഷത്തിൽ എറണാകുളം ജില്ലയിൽ 15 റോഡുകളാണ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ആമ്പല്ലൂർ പഞ്ചായത്തിലെ പാടിവട്ടം – കൂട്ടേക്കാവ് റോഡിന്റെയും എ.കെ ബണ്ട് റോഡിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

എ.കെ ബണ്ട് റോഡ്‌ നീട്ടുന്നതിനും, ആമ്പല്ലൂർ റോഡിനെ തലയോലപ്പറമ്പ് റോഡുമായി ബന്ധിപ്പിക്കുന്നതിനുമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും മന്ത്രി നിർദേശം നൽകി. ആമ്പല്ലൂർ പഞ്ചായത്തിലെ രണ്ട് റോഡുകൾക്കായി 1.50 കോടി രൂപയാണ് നീക്കിവെച്ചത്. എസ്റ്റിമേറ്റ് തുകയിലും താഴെ ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിക്കാൻ സാധിക്കുന്നു എന്നതാണ് ഹാർബർ ഡിപ്പാർട്ട്മെൻറ് നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രത്യേകതയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എം.എൽ.എ അനൂപ് ജേക്കബ് മുളന്തുരുത്തി – കാഞ്ഞിരമറ്റം റോഡ് ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിക്കുമെന്ന് അറിയിച്ചു. റോഡ് നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായും എം.എൽ.എ കൂട്ടിച്ചേർത്തു.

തീരദേശ റോഡുകളുടെ സംയോജനം പ്രദേശത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ എം.എൽ.എ ഞണ്ടുകാട്തുരുത്തിലേക്കുള്ള റോഡ് വികസനം ടൂറിസം രംഗത്ത് വലിയ സാധ്യതകൾ നൽകുന്നതാണെന്നും ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്തംഗം എ. പി. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ മോഹനൻ, വൈസ് പ്രസിഡന്റ് പി.കെ മനോജ്കുമാർ,പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ അഷ്റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. കെ മോഹനൻ, ബിജു തോമസ്, പഞ്ചായത്ത് അംഗങ്ങളായ ലേഖ ഷാജി, ഷീല സത്യൻ, ടി.പി സതീശൻ, കെ. ജെ. ജോസഫ്, എം. ബി ശാന്തകുമാർ, പഞ്ചായത്ത് സെക്രട്ടറി സമീന .ബി, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജി കെ. തട്ടാംപുറം എന്നിവർ പ്രസംഗിച്ചു.