കൊച്ചി: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദന്ത സംരക്ഷണത്തെ പറ്റിയുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ക്ലസ്റ്റർ മീറ്റിംഗിലാണ് ക്ലാസ് നടത്തിയത്. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡന്റൽ സർജൻ ഡോ. നിക്കോളാസ് ചെറിയാൻ ദന്ത രോഗങ്ങളെ പറ്റിയും ദന്ത സംരക്ഷണത്തെപ്പറ്റിയും വിശദീകരിച്ചു.

തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഡന്റൽ സർജന്റെ സേവനം ലഭിക്കും. മുതിർന്നവരുടെ പല്ല് നീക്കം ചെയ്യൽ, പല്ലിന്റെ പോട് അടയ്ക്കൽ, കുട്ടികളുടെ ഇളകുന്ന പല്ല് നീക്കം ചെയ്യൽ, വായിലെ കാൻസർ സ്ക്രീനിങ്, മുതിർന്നവരുടെ മോണപഴുപ്പ് നീക്കം ചെയ്യൽ, കൂർത്ത പല്ലുകൾ രാഗി മിനുസപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്നും ലഭിക്കും. ദന്ത ചികിത്സയ്ക്ക് എത്തുന്നവർ രാവിലെ 9.30ന് മുൻപായി എത്തിച്ചേരണം.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി ആസാദ്, ഏഴിക്കര പഞ്ചായത്ത് അംഗം ഗീത പ്രതാപൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗിരിജ ശശിധരൻ, എ.ഡി.എസ് പ്രസിഡന്റ് ജെ. രാധിക, എ.ഡി.എസ് സെക്രട്ടറി സിനി രമേഷ്, ഏഴിക്കര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ ലിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

ക്യാപ്ഷൻ: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ദന്ത സംരക്ഷണത്തെ പറ്റിയുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്