കാക്കനാട്: കാലവര്‍ഷം ശക്തി പ്രാപിച്ച സാഹര്യത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രം (ഡിഇഒസി)സജ്ജമായി. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തിലെ സാറ്റലൈറ്റ് ഫോണിലേക്ക് സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വ്വഹണകേന്ദ്രത്തില്‍നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഫോണ്‍ വിളിക്കുകയും ഫോണ്‍ ബന്ധവുംമറ്റും പ്രവര്‍ത്തനക്ഷമമാണെന്നുറപ്പു വരുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ മൊബൈല്‍- ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതു മറികടക്കാനാണ് എല്ലാ ജില്ലകള്‍ക്കും സാറ്റലൈറ്റ് ഫോണ്‍ അനുവദിച്ചത്.

കേന്ദ്രത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ ഹസാര്‍ഡ് അനലിസ്റ്റ്, യുഎന്‍ഡിപി ജില്ലാ പ്രോജക്ട് ഓഫീസര്‍, സ്പിയര്‍ ഇന്ത്യ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍, കമ്മ്യൂണിറ്റി മൊബിലൈസര്‍ എന്നീ പദവികളിലുള്ള ഉദ്യോഗസ്ഥരുടെ സേവനവുമുണ്ട്. അടിയന്തരഘട്ടങ്ങളില്‍ 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരമറിയിക്കാം. കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പര്‍ 04842423513