പത്തനംതിട്ട: അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് 70 പേരടങ്ങുന്ന സൈന്യത്തിന്റെ മൂന്നു കോളം ടീമും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) 25 പേരടങ്ങുന്ന ഒരു ടീമും ജില്ലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു.

ജില്ലയില്‍ ദിവസങ്ങളായി ചെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സേനയും എന്‍ഡിആര്‍എഫും എത്തിയത്.
എന്‍ ഡിആര്‍എഫിന്റെ 25 അംഗങ്ങളും നാല് ബോട്ടുകളും അടങ്ങുന്ന ഒരു ടീമും, സൈന്യത്തിന്റെ ഓഫീസറുള്‍പ്പെടെ 70 പേരടങ്ങുന്ന ടീമുമാണ് എത്തിയിട്ടുള്ളത്. 22 പേര്‍ അടങ്ങുന്ന മൂന്ന് സംഘങ്ങളാണ് സൈന്യത്തില്‍ ഉള്ളത്. സൈന്യത്തിന്റെ ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ തുടങ്ങിയ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റും സൈന്യത്തെ ഉപയോഗിക്കും.

എന്‍ഡിആര്‍എഫ് ടീമിനെ റാന്നിയിലാണ് നിയോഗിച്ചിരിക്കുന്നത്. റാന്നി ഗസ്റ്റ് ഹൗസിലാണ് എന്‍ഡിആര്‍എഫ് ടീം ക്യാമ്പുചെയ്യുക. സൈന്യത്തിന്റെ 22 പേരടങ്ങുന്ന ഒരു ടീമിനെ തിരുവല്ലയിലേക്ക് നിയോഗിച്ചു.തിരുവല്ല ഡിടിപിസി സത്രത്തിലാണ് ടീം ക്യാമ്പുചെയ്യുക. ബാക്കി രണ്ട് ടീമിനെ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ആവശ്യമുള്ള സ്ഥലത്ത് വിന്യസിക്കും. ഈ റിസേര്‍വ്ഡ് ടീം കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ ക്യാമ്പു ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.