മഴ ശക്തമായി തുടര്‍ന്നാല്‍ പത്തനംതിട്ട ജില്ല ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ ഇതുവരെയുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയത്തെ നേരിട്ടതിന്റെയും അതിജീവിച്ചതിന്റെയും അനുഭവം പത്തനംതിട്ട ജില്ലയ്ക്കുണ്ട്. ഇപ്പോഴത്തെ മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജില്ലാതലത്തിലെ ഏകോപനം മികച്ച രീതിയിലാണ്.

ജില്ലാ/താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും മഴക്കെടുതികള്‍ രൂക്ഷമായതുമായ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഓരോ ക്യാമ്പിലും ഓരോ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഈ ഓഫീസറാകും ക്യാമ്പുകളിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യസഹായം, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ഉദ്യോഗസ്ഥനായിരിക്കും.

വിറക് ഉപയോഗിക്കാന്‍ കഴിയാത്ത ക്യാമ്പുകളില്‍ പാചകത്തിനു ഗ്യാസ് സിലണ്ടറുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പാതയോരത്തും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലത്തും നില്‍ക്കുന്ന മരങ്ങള്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെതന്നെ വകുപ്പ് തലവന്മാര്‍ക്ക് ജില്ലാ കളക്ടറെ അറിയിച്ച് മുറിച്ചുമാറ്റാം. മഴ ശക്തമായാല്‍ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുവാനും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ മഴ കുറവാണെങ്കിലും നദികളിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള പോഷക നദികളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലവും പമ്പയാറിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. പമ്പ, കക്കി ഡാമുകളിലെ ജലനിരപ്പ് നിലവില്‍ ആശങ്കയുളവാക്കുന്നതല്ല. പമ്പയില്‍ 49 ശതമാനവും കക്കിയില്‍ 29 ശതമാനവുമാണ് വെള്ളമുള്ളത്.

പമ്പയില്‍ രണ്ടു ദിവസം കൊണ്ടാണ് 18 ശതമാനം ജലമുയര്‍ന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ പമ്പയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. മൂഴിയാര്‍ ഡാമിലെ സംഭരണശേഷി 192 മീറ്ററാണ്. നിലവില്‍ 187 മീറ്ററാണ് ജലനിരപ്പ്. മഴ ശക്തമാകുകയാണെങ്കില്‍ 20 സെന്റീ മീറ്റര്‍ വരെ മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

എംഎല്‍എമാരുടെ ഏകോപനത്തില്‍ താലൂക്കുതല അവലോകന യോഗങ്ങള്‍ ചേരാനും മന്ത്രി നിര്‍ദേശിച്ചു. എംപിയും ഈ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലും ഇന്ന് (10) താലൂക്ക്തല അവലോകന യോഗങ്ങള്‍ ചേരും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എല്ലാ വകുപ്പിലേയും താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മരം വീണോ, മണ്ണിടിച്ചില്‍ മൂലമോ വെള്ളക്കെട്ടിനാലോ ഇതുവരെ പൊതുവഴികളില്‍ ഗതാഗത തടസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.വൈദ്യുതി വകുപ്പും പൂര്‍ണ സജ്ജമാണ്. മരം വീണുള്ള വൈദ്യുതി തടസമാണ് നിലവിലുള്ളത്. തടസങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അടിയന്തിരസ്ഥിതി നേരിടുന്നതിന് അഗ്നിശമന സേനാ വിഭാഗവും പൂര്‍ണസജ്ജമാണ്.

ഞായറാഴ്ച വരെയുള്ള ആറന്മുള വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ യോഗം പോലീസിന് നിര്‍ദേശം നല്‍കി.