പാലക്കാട്: യുദ്ധകാലാടിസ്ഥാനത്തില്‍ ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ഉരുള്‍പൊട്ടലും മഴയേയും തുടര്‍ന്ന് ജലസ്രോതസ്സുകളില്‍ ചെളി കലരുന്ന സാഹചര്യം കണക്കിലെടുത്ത് ജല ശുദ്ധീകരണ പ്ലാന്റുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വികസന സമിതിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഡ്യുവല്‍ ഫില്‍ട്രേഷന്‍ പ്ലാന്റ് പദ്ധതിക്കായി രണ്ടു കോടി അനുവദിച്ചിട്ടുണ്ട്. ഇത് ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും.

മഴക്കെടുതിയില്‍ വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ട് ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളില്‍ അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിക്കും. കനത്ത മഴയില്‍ തകര്‍ന്ന കനാല്‍ ബണ്ടുകള്‍, റോഡിന്റെ സംരക്ഷണ ഭിത്തികള്‍, കല്‍വര്‍ട്ടുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വി.ടി ബല്‍റാം എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍: പുനര്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കകം

ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ അഞ്ച് വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ പഠനം നടത്തിയിരുന്നതായും ജില്ലാ ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതിനു ശേഷം രണ്ടാഴ്ചയ്ക്കകം പുനര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ പാലക്കയം അടക്കമുള്ള പ്രദേശങ്ങളില്‍ വലിയൊരു ഉരുള്‍പൊട്ടലിന് സാധ്യതയില്ലെന്നും വിദഗ്ധ സംഘം കണ്ടെത്തിയതായി കലക്ടര്‍ പറഞ്ഞു.  ചില സ്ഥലങ്ങളില്‍ പൂര്‍ണമായും ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ റോഡ്, വീട്, നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കൃഷിയും തടയേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

റേഷന്‍ കാര്‍ഡ് ഇല്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനില്‍ വീട് 

സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്ത പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടും സ്ഥലവും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. വീട്ടുനമ്പര്‍ ഇല്ലെന്ന കാരണത്താല്‍ അപേക്ഷകള്‍ തള്ളുന്ന സാഹചര്യമില്ലെന്ന് കോഡിനേറ്റര്‍ പറഞ്ഞു. ഒരു റേഷന്‍ കാര്‍ഡിന്റെ ഉപഭോക്താക്കളായി ഒരേ വീട്ടില്‍ കഴിയുന്ന വിവിധ കുടുംബങ്ങള്‍ക്ക് വീട്ടുനമ്പര്‍ ഇല്ലാത്തതിനാല്‍ ലൈഫ് മിഷനില്‍ വീടിന്റെ അപേക്ഷകള്‍ തള്ളിക്കളയുന്നതുമായി ബന്ധപ്പെട്ട് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് ചോദ്യം ഉന്നയിച്ചിരുന്നു. ലൈഫ് മിഷന്‍ മൂന്നാംഘട്ട പദ്ധതിയില്‍ ഭൂരഹിതരായവര്‍ക്കുള്ള ഭവന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിര്‍ദേശം

എംഎല്‍എ ഫണ്ടും മറ്റും ഉള്‍പ്പെടുത്തി നിര്‍മിച്ച തൂക്കുപാലങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്താനും തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്താനും വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.

കൊപ്പം -പുലാമന്തോള്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ ടെന്‍ഡര്‍ കാലാവധി കുറച്ച് കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. പാലക്കാട് നഗര പരിധിയിലെ തിരക്കേറിയ റോഡുകളുടെയും നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.

മണ്ണിടിച്ചില്‍ ഉണ്ടായ ആനക്കല്ല്, പറച്ചാത്തി, ആദിവാസി മേഖലകളില്‍ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജല അതോറിറ്റിക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പുതുപ്പരിയാരം പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി എം.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

കോടനാട് ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ പ്രമേയം

കോടനാട് പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഈ പ്രദേശം കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് വി ടി ബല്‍റാം എം.എല്‍.എ പ്രമേയം സമര്‍പ്പിച്ചു. ഈ പരിസരത്തെ ജനങ്ങള്‍ക്കിടയില്‍ കാന്‍സര്‍ സാധ്യത പഠനത്തിനായി ക്യാമ്പ് സംഘടിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ രോഗബാധിതനും നിര്‍ധനനുമായ വ്യക്തിക്ക് ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കുന്നതിനായി  സ്ഥലത്തിന് പരിവര്‍ത്തന അനുമതി നല്‍കണമെന്ന പ്രമേയവും വി ടി ബല്‍റാം എം.എല്‍.എ സമര്‍പ്പിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. വി. കെ. ശ്രീകണ്ഠന്‍ എം. പി, എം.എല്‍.എമാരായ കെ. വി. വിജയദാസ്, ഷാഫി പറമ്പില്‍, പി. കെ. മുഹമ്മദ് മുഹ്‌സിന്‍, വി.ടി. ബല്‍റാം, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി മുരുകദാസ്, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ പ്രതിനിധി എം.അനില്‍കുമാര്‍, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.