ഇടുക്കി: കേരളത്തിലെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി കട്ടപ്പന നഗരസഭ. കട്ടപ്പന സെന്റ്‌ജോര്‍ജ് പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എന്‍. അനില്‍കുമാര്‍ കട്ടപ്പന നഗരസഭയെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു. നഷ്ടബോധത്തിന്റെയും വേദനയുടെയും മുഖഭാവങ്ങളില്‍ നിന്നും മോചിതരായി കരുത്താര്‍ജിച്ച വിഭാഗമായി  ഇവര്‍ മാറണമെന്നും വിധവകളെന്ന പേരില്‍ മാറ്റം വരുത്തുന്നത് ഉചിതമായിരിക്കുമെന്നും ജസ്റ്റിസ് എന്‍.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ വിധവകളെന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ പാടില്ല. സമൂഹത്തിന്റെ എല്ലാ പിന്തുണയും ആവശ്യമുള്ളവരാണ് ഈ ജനവിഭാഗം. ഇവരില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സലിംഗ് സഹായം  ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മുഖേന ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗമായ വിധവകള്‍ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളുടെ പ്രയോജനം യഥാസമയം ലഭ്യമാക്കുകയും      ഇവര്‍ക്ക്  ആവശ്യമായ പിന്തുണയും സഹായവും നല്കി ജില്ലയെ വിധവാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിധവാ സെല്ലും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  പദ്ധതിയുടെ  ഭാഗമായി മുന്‍സിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ വിധവകളുടെ കണക്കെടുപ്പും  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന കൈപ്പുസ്തകം തയ്യാറാക്കി നല്‍കും. ക്ഷേമ പദ്ധതികള്‍ യഥാര്‍ത്ഥഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍
ജില്ലാ ജഡ്ജുമായ മുഹമ്മദ് വസിം അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പ് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.ടി. നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലീഗല്‍ അതോറിറ്റി ജില്ലാ സെക്രട്ടറി ദിനേശ്. എം പിള്ള പദ്ധതി വിശദീകരിച്ചു.  കുടുംബക്കോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി യോഗത്തിന് സ്വാഗതമാശംസിച്ചു. വിധവാ സൗഹൃദ നഗരസഭയായ കട്ടപ്പന നഗരസഭയില്‍ ഇനി മുതല്‍  മാസത്തില്‍ രണ്ടു ദിവസം വിധവകള്‍ക്കായി ലീഗല്‍ എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. കൂടാതെ നഗരസഭയുടെ വനിതാ ക്ഷേമപദ്ധതികളില്‍ വിധവകള്‍ക്കായി പ്രൊജക്ട് ഉള്‍ക്കൊള്ളിക്കും. കട്ടപ്പന നഗരസഭയുടെ പരിധിയിലുള്ള എല്ലാ വിധവകള്‍ക്കും വിധവാ പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി, കട്ടപ്പന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.ടി. മാത്യു, നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ. മനോജ് എം.തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ സി.കെ.മോഹനന്‍, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് സെക്രട്ടറി ഷാജി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, നഗരസഭയിലെ 2300 ഓളം വിധവകള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം, സാമൂഹ്യക്ഷേമ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ആയുര്‍വേദം, അലോപ്പതി, ഹോമിയോവകുപ്പുകളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പും സംഘടിപ്പിച്ചിരുന്നു. വിധവാസൗഹൃദപദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വിധവകളുടെയും ലിസ്റ്റ്  തയ്യാറാക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന്  പരിശോധന നടത്തുകയും അര്‍ഹരായവര്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍  അത് നേടിയെടുക്കുന്നതിനായും വിവിധ വകുപ്പുകള്‍ വിധവകള്‍ക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് മനസിലാക്കുന്നതിനായും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് അദാലത്തും ഇതോടൊപ്പം നടന്നു. കൃഷി, ആരോഗ്യവകുപ്പ്, എംപ്ലോയ്‌മെന്റ് , പോലീസ്, കുടുംബശ്രീ , വ്യവസായം, റവന്യൂ, ഐ.സി.ഡി.എസ്, കെ.എസ്.എഫ്.ഇ, ബാങ്കുകള്‍, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളാണ്  അദാലത്തില്‍ പങ്കെടുത്തത്.