ആലപ്പുഴ: 66-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലുള്ള പബ്ലിസിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. 10,001 രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അച്ചടി മാധ്യമം;-കേരള കൗമുദി ചീഫ് റിപ്പോർട്ടർ പി. അഭിലാഷും ഫോട്ടോഗ്രാഫർ ദേശാഭിമാനി ദിനപത്രത്തിലെ എം.എ ശിവപ്രസാദും ദൃശ്യ മാധ്യമ വിഭാഗത്തിൽ റിപ്പോർട്ടിങ്ങിൽ മീഡിയാ വൺ റിപ്പോർട്ടർ എബി തോമസും ക്യാമറാമാൻ വിഭാഗത്തിൽ മീഡിയ വണ്ണിലെ ജെ. മാഹിനുമാണ് പുരസ്‌ക്കാരങ്ങൾ നൽകിയത്. ജലമേളയുടെ ഭാഗ്യ ചിഹ്നത്തിന് പങ്കൻ എന്ന് പേരിട്ട എൽ. സരിതയ്ക്ക് മുല്ലക്കൽ നൂർ ജ്യുവലറി നൽകിയ സ്വർണ്ണ നാണയവും മന്ത്രി കൈമാറി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ടൂറിസം സെക്രട്ടറി റാണി ജോർജ്, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവർ പങ്കെടുത്തു.