ആലപ്പുഴ: ലീഗ് മത്സരങ്ങൾ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. സിബിഎൽ മത്സരങ്ങളെ വളരെ മികച്ച രീതിയിൽ മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. കായിക മേഖലയോട് കേരള ജനത കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
വളരെ സാവധാനം മാത്രം വിജയം കൈവരിക്കുന്ന ഒന്നാണ് ലീഗ് മത്സരം.

എന്നാൽ രാജ്യത്തിന്ന് അനേകം ലീഗ് മത്സരങ്ങൾ നടക്കുന്നത് ആഹ്ലാദകരമാണ്. നമ്മുടേതൊരു കായിക സൗഹൃദ രാജ്യമാണ്. വിവിധ തരത്തിലുള്ള രൂപമാറ്റങ്ങളിലൂടെ അനുദിനം കായിക ലോകം മുന്നേറുകയാണ്. സ്ത്രീകൾ ഉൾപ്പടെ വള്ളങ്ങളിൽ തുഴച്ചിൽകാരായെത്തി മത്സരത്തിൽ മാറ്റുരയ്ക്കുന്നത് വളരെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെവിടെയും വള്ളംകളിയെ കുറിച്ച് ഓർക്കുംമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേരളവും ഇവിടുത്തെ ചുണ്ടൻ വള്ളങ്ങളുമാണ്.  കാലാകാലങ്ങളായി നിലനിന്നു വരുന്ന സംസ്‌കാരവും പഴമയുമാണ് ഇവിടുത്തെ വള്ളംകളിയെ വ്യത്യസ്തമാക്കുന്നത്. ഐക്യത്തോടെയുള്ള ഇത്തരം മത്സരക്കളികൾ ജനമനസ്സുകളിലും ഐക്യം ഉണർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് മാസം നീണ്ട് നിൽക്കുന്ന സി.ബി.എൽ. മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന എല്ലാ ടീമുകൾക്കും അദ്ദേഹം ആശംസ നേർന്നു.


കേരളത്തിലെത്തുമ്പോഴൊക്കെ തനിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിക്കുന്നത്. ഇരു കൈകളുമില്ലാത്ത പ്രണവ് എന്ന കുട്ടി കാലുകൾകൊണ്ട് വരച്ചു നൽകിയ തന്റെ രേഖചിത്രം ഉയർത്തികാട്ടിയാണ് സച്ചിൻ ഇത് പറഞ്ഞത്. പ്രളയം പോലുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ കേരളത്തിന് നേരിടേണ്ടി വന്നെന്നും ഇതിൽ നിന്നെല്ലാം ഉയർത്തെഴുന്നേൽക്കാനായത് മലയാളികളുടെ ഇച്ഛാശക്തിയാലാണ്. ഇത്തരത്തിൽ ദുരന്തങ്ങളിലകപ്പെട്ട് നഷ്ടങ്ങൾ ഉണ്ടായവരെ ഈ അവസരത്തിൽ ഓർക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനം വീണ്ടും അതിന്റെ അഭിവൃദ്ധിയുടെ നാളുകളിലാണ്. ആദ്യം നടത്താനിരുന്ന തീയതിൽ നിന്നും മാറ്റി വെച്ച വള്ളംകളി കേവലം 20 ദിവസത്തെ ഒരുക്കങ്ങളോടെ ഇത്ര മികച്ച രീതിയിൽ നടത്തിയതിൽ ടൂറിസം വകുപ്പിനും സംഘാടകർക്കും അഭിമാനിക്കാം. വ്യക്തമായ ലക്ഷ്യത്തോടെ ആത്മാർത്ഥതയോടെയും കൂട്ടായ പ്രവർത്തനത്തോടെയും മത്സരത്തിൽ പങ്കെടുത്ത് വിജയിക്കണമെന്നതാണ് ഓരോ ടീമിനോടും തനിക്കുള്ള സന്ദേശം. ക്രിക്കറ്റിൽ വെറും പതിനൊന്ന് പേരാണ് ഒരു ടീമിലെങ്കിൽ ഇവിടെയത് നൂറിനടുത്താണ്. ഐക്യവും ഒത്തൊരുമയുമാണ് ഇവിടെ വിജയിയെ നിശ്ചയിക്കുന്നത്- സച്ചിൻ പറഞ്ഞു.

ശുചീകരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ നമ്മൾ കരയെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. രാജ്യത്തെ ജല സ്രോതസുകളേയും മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കേരളത്തിലെ നദികളും പുഴകളും കാണുമ്പോൾ താൻ അഭിമാനിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.