ആലപ്പുഴ: നാടിന്റെ ഐക്യത്തിന്റെയും, ഒരുമയുടേയും പ്രതീകമായി നെഹ്റു ട്രോഫി ജലമേള മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 67-ാമത് നെഹ്റു ട്രോഫിയോടെ ആരംഭിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലമേളക്ക് പുതിയ രുപവും, ഭാവവും വന്നിരിക്കുന്നു. കായിക കേരളത്തിന് പുത്തൻ ഉണർവാണ് ഉണ്ടായിരിക്കുന്നത്.

സി.ബി.എല്ലിന്റെ ഭാഗമായി സംസ്ഥനത്തെ അഞ്ചു ജില്ലകളിൽ കുടി ജലമേള നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാല് ലക്ഷം രൂപ ലഭിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഹരിത ചട്ടം പാലിച്ചാണ് വള്ളംകളി സംഘടിപ്പിക്കുന്നതെന്നത് മാതൃകാപരമാണ്. മഹാപ്രളയത്തിനു ശേഷം അതിജീവനത്തിന്റെ പാത സ്വീകരിച്ച സമൂഹമാണ് കേരളീയരെന്നും മുഖ്യമന്ത്രി പറഞ്ഞു.  നേരത്തെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി നെഹ്റു ട്രോഫി ബോട്ട് റേസിന്റെ പതാകയും ഉയർത്തി. എൻ.റ്റി.ബി.ആർ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, സെക്രട്ടറിയായ സബ് കളക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചു.

ചടങ്ങിൽ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. വള്ളംകളികളുടെ ചരിത്രം മാറ്റുന്ന ദിനമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. അതിജീവനത്തിന്റെ നല്ല മാതൃകയായി മാറുകയാണ് നമ്മുടെ നാട്. തിരിച്ചുവരവിന്റെ പാതയിലാണ് നമ്മൾ എന്ന സന്ദേശമാണ് ഇത്തവണത്തെ നെഹ്റുട്രോഫി നടത്തിപ്പിലൂടെ സർക്കാർ വ്യക്തമാക്കുന്നതെന്ന് 67-ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം നെഹ്റു ട്രോഫിയെ ഒരുപടികൂടി ഉയർത്തും.

ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേക്ക് കൊണ്ടുവരുമ്പോൾ ഇതേവരെ കണ്ട വള്ളംകളിയുടെ രീതി തന്നെ മാറുകയാണ്. സി.ബി.എൽ. വള്ളംകളിയിലെ കായിക താരങ്ങൾക്ക് സാമൂഹിക അംഗീകാരവും സാമ്പത്തിക ഉന്നമനവും ഉണ്ടാകും. ലീഗ് സംസ്ഥാനത്തെ കായികരംഗത്തും ടുറിസം രംഗത്തും ഒരേ പോലെ നാഴികക്കല്ലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ആകെ 5.9 കോടി രൂപയാണ് സി.ബി.എല്ലിന്റെ സമ്മാനത്തുക. മുഖ്യാതിഥി സച്ചിൻ തെണ്ടുൽക്കർ വള്ളംകളിയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.

ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ തോമസ് ചാണ്ടി, ആർ. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള സ്വാഗതവും ടൂറിസം ഡയറക്ടർ ബാലകിരൺ നന്ദിയും പറഞ്ഞു.