ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണെങ്കിലും മതനിരപേക്ഷതയ്ക്ക് എതിരെ ഉയരുന്ന വെല്ലുവിളികളെ ഏറെ ഉല്‍കണ്ഠയോടെയാണ് സമൂഹം കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാലയങ്ങളിലൂടെ നല്‍കപ്പെടുന്ന വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ മതേതര ചിന്താഗതിക്ക് അടിസ്ഥാനം. ജാതി മത ഭേതമോ വിദ്വേഷമോ ഇല്ലാതെയാണ് പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വളര്‍ന്നുവരുന്നത്. സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോടെ കാണണം. മതനിരപേക്ഷ കേന്ദ്രങ്ങളാക്കി പൊതു വിദ്യാലയങ്ങളെ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതുതായി പൊതു വിദ്യാലയങ്ങളിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ സമയത്തെ നമ്മുടെ ഒരുമയും ഐക്യവും അതിലൂടെ കാണിച്ച അതിജീവനവും രാജ്യവും ലോകവും മാതൃകയായാണ് കാണുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കുന്ന കാര്യം പരമപ്രധാനമാണ്. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചര്‍ക്ക് അതിനുസൃതമായ നഷ്ട പരിഹാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ 3.85 കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രസന്ന, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയ്, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, മറ്റ് ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.