സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കണ്ണൂർ ജൂബിലി ഹാളിൽ തുടക്കമായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉത്സവകാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ നിയന്ത്രിക്കുന്നതിനോടൊപ്പം ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ വിപണികൾ വഴി സാധിക്കുന്നുണ്ടെന്നും ഇത് നഗരങ്ങളിലേയും  ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഒരു പോലെ ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷ പരിപാടികൾ നടത്താനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ഗൃഹോപകരണങ്ങളും ഇത്തവണ മേളയിൽ ഒരുക്കിയിട്ടുണ്ട്. 40 ശതമാനം വിലക്കുറവിൽ ഗൃഹോപകരണങ്ങൾ ലഭിക്കും. സപ്തംബർ 10 ന് സമാപിക്കുന്ന മേളയിൽ ഹോർട്ടി കോർപ്പ്, കയർ കോർപ്പറേഷൻ, ഹാന്റ് വീവ്, , കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വഴി ജില്ലയിൽ 119 ഓണച്ചന്തകൾ ഇത്തവണ തുറക്കും. മവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവയ്ക്ക് പുറമെ ചക്കരക്കല്ല്, തലശേരി, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂർ എന്നിവിടങ്ങളിൽ പ്രത്യേക ഓണവിപണിയും ഒരുക്കുന്നുണ്ട്.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. കെ സുധാകരൻ എം പി ആദ്യ വിൽപന നിർവഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. ലിഷ ദീപക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ, സപ്ലൈകോ മേഖല മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു