കൊച്ചി: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ അവലോകന യോഗം ചേര്‍ന്നു.

കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഈ റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എന്‍എച്ച്, കൊച്ചി കോര്‍പ്പറേഷന്‍, എന്‍എച്ച് 66, എന്‍എച്ച് 85, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡ്, എന്‍എച്ച്എഐ എന്നീ വകുപ്പുകളുടെ കീഴിലുള്ള റോഡുകളാണ് അടിയന്തരമായി നന്നാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കലൂര്‍-പാലാരിവട്ടം റോഡ് (കലൂര്‍ ട്രാക്ക്), കലൂര്‍-പാലാരിവട്ടം റോഡ് (ആലുവ ട്രാക്ക്), കലൂര്‍-കത്രിക്കടവ് റോഡ്, കാരണക്കോടം-കത്രിക്കടവ്, തമ്മനം റോഡ്, പാലാരിവട്ടം ബൈപ്പാസ് ജംക്ഷന്‍ റോഡ്, കാക്കനാട്-പാലാരിവട്ടം റോഡ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ്, ഇടപ്പള്ളി-കളമശേരി റോഡ്, വൈറ്റില-കുണ്ടന്നൂര്‍ റോഡ്, വൈറ്റില-പൊന്നുരുന്നി റോഡ്, കട്ടക്കാര റോഡ്, കത്രിക്കടവ്-പൊന്നുരുന്നി റോഡ്, പുല്ലേപ്പടി റോഡ്, കലൂര്‍-പൊറ്റക്കുഴി റോഡ്, അരൂര്‍-വൈറ്റില റോഡ്, മരട്-കുണ്ടന്നൂര്‍ റോഡ്, മരട്-പേട്ട റോഡ്, ചമ്പക്കര-പേട്ട റോഡ്, കെആര്‍എല്‍ റോഡ്, സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ-തിരുവാങ്കുളം റോഡ്, കരിങ്ങാച്ചിറ-ചോറ്റാനിക്കര റോഡ്, മിനി ബൈപ്പാസ് റോഡ്, വൈക്കം-പൂത്തോട്ട റോഡ്, എറണാകുളം-വൈപ്പിന്‍ റോഡ്, ബോള്‍ഗാട്ടി-എറണാകുളം റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ്, തേവര-വെണ്ടുരുത്തി റോഡ്, വളഞ്ഞമ്പലം-രവിപുരം റോഡ്, കെഎസ്ആര്‍ടിസി-കത്രിക്കടവ് റോഡ്, ജിസിഡിഎ ഗാന്ധിനഗര്‍ റോഡ്, കെ.കെ. റോഡ്- കുമാരനാശാന്‍ ജംക്ഷന്‍, ഓള്‍ഡ് തേവര- ഫോര്‍ഷോര്‍ റോഡ്, ഇടക്കൊച്ചി-പാമ്പായിമൂല റോഡ് എന്നീ റോഡുകളിലെ വിവിധ ഭാഗങ്ങളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുണ്ടും കുഴിയും നികത്തി പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, എന്‍എച്ച്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി മെട്രോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, എന്‍എച്ച്എഐ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.