കൊച്ചി – സമഗ്ര മാലിന്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. എടയാറില്‍ പുതുതായി ആരംഭിച്ച ക്ലീന്‍ കേരള കമ്പനിയുടെ ഗോഡൗണിലേക്കു കൊണ്ടുപോകുന്നതിനായി, പ്ലാസ്റ്റിക്അജൈവ മാലിന്യങ്ങള്‍ നിറച്ച വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് അസിസ്റ്റന്‍റ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു.

നിശ്ചയദാര്‍ഢ്യത്തോടും ഇച്ഛാശക്തിയോടുംകൂടെ പഞ്ചായത്തിന്റെ നേതൃത്വത്തില് നടക്കുന്ന ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ മാതൃകയാണെന്ന് അസിസ്റ്റന്‍റ് കളക്ടര്‍ പറഞ്ഞു.

ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായിപഞ്ചായത്ത് അനുവദിച്ച നല്‍കിയ ഓഫീസിന്റെ ഉദ്ഘാടനവും അസിസ്റ്റന്റ് കളക്ടര്‍ നിര്‍വഹിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 2 ന് ആരംഭിച്ച സമഗ്ര മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ഹരിത കേരള മിഷന്‍,ശുചിത്വ മിഷന്‍ , ഐആര്‍ടിസി, ക്ലീന്‍ കേരള കമ്പനി എന്നീ ഏജന്‍സികളുടെ സഹായത്തോടെയാണ് മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകുന്നത്. 4800 വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാസം തോറും ആറ് ടണ്ണോളം വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചയത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ സംഭരിക്കുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകരായ 28 സ്ത്രീകളെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് മൂല്യവര്‍ധനവിലൂടെ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും ഹരിതകര്‍മ്മസേന ആരംഭിച്ചിട്ടുണ്ട്.

നവീകരിച്ച പഞ്ചായത്ത് ഓഫീസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടന്ന പരിപാടിയില്‍ ഹരിതകര്‍മ്മസേനക്ക്‌ റെയിന്‍ കോട്ടും, ബൂട്ടുകളും, ബോണസും വിതരണം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.റീസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പടം ക്യാപ്ഷന്‍

പ്ലാസ്റ്റിക്അജൈവ മാലിന്യങ്ങള്‍ നിറച്ച വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് അസിസ്റ്റന്‍റ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിക്കുന്നു