കൗമാരക്കാരിലെ മൊബൈല്‍, ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ ഗെയിമുകളിലെ അമിത ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന ‘ഡി-ഡാഡ്'(ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) പദ്ധതിയുടെ ഭാഗമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി
മേഖലകളിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്‌കുൾ അധ്യാപകര്‍, കൗൺസിലർമാർ, അങ്കണവാടി അധ്യാപകർ, ഐ.സി.ഡി.എസ് പ്രതിനിധികള്‍, വളണ്ടിയർമാർക്കാണ് പരിശീലനം നടത്തിയത്. ഇന്റര്‍നെറ്റ് ഉപയോഗം, ഗെയിം എന്നിവയിൽ അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക തലത്തിൽ വിലയിരുത്തല്‍, മൂല്യ നിര്‍ണയം, ഡി അഡിക്ഷന്‍ സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതി ലക്ഷ്യം. മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാർത്ഥികൾ എന്നിവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങൾ, കൗണ്‍സിലിങ് എന്നിവ പദ്ധതി മുഖേന ലഭ്യമാക്കും. ഡിജിറ്റല്‍ അഡിക്ഷന്‍ പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനായി സ്‌കൂളുകള്‍, കോളേജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കൽപ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലിൽ നടന്ന ശിൽപശാല കല്‍പ്പറ്റ ഡി.വൈ.എസ്.പി പി.എല്‍ ഷൈജു ഉദ്ഘാടനം ചെയ്തു. ജനമൈത്രി എ.ഡി.എന്‍.ഒ കെ.എം ശശിധരന്‍ അധ്യക്ഷനായി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീണ്‍ കുമാര്‍, സൈബർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സലാം, എസ്.പി.സി എ.ഡി.എന്‍.ഒ കെ മോഹന്‍ദാസ്, ഡി ഡാഡ് സൈക്കോളജിസ്റ്റ് സി.എന്‍ അനുശ്രീ, ടി. ബാബു,എസ്.സി.പി.ഒ ടി.കെ. ദീപ, ഡി ഡാഡ് കോ- ഓര്‍ഡിനേറ്റര്‍ ടി.കെ. അജിത എന്നിവർ പങ്കെടുത്തു.