മണ്ഡലകാലത്തിന് മുമ്പ് ശബരിമല തീർഥാടകർക്കുവേണ്ടി സർക്കാർ നടത്തുന്ന ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി.

ശുദ്ധജലം, ശൗചാലയങ്ങൾ, താമസിക്കാനും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങൾ, മാലിന്യസംസ്‌കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, വാഹന പാർക്കിംഗ്, സുരക്ഷാക്രമീകരണം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികളും തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി.

മന്ത്രമാരായ കടകം പള്ളി സുരേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ജി. സുധാകരൻ, എ.സി. മൊയ്തീൻ, എ.കെ. ശശീന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ സജി ചെറിയാൻ, പി.സി. ജോർജ്, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന എന്നിവരും പ്രധാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ശബരിമലയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

മുൻ വർഷത്തെ അപേക്ഷിച്ച് തീർഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്താനുള്ള പ്രവർത്തനം പൂർത്തിയായി വരികയാണ്. വാട്ടർ അതോറിറ്റി 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജലവിതരണ പ്ലാന്റ് കൂടി സ്ഥാപിക്കുന്നുണ്ട്. നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം സ്ത്രീകൾക്കു വേണ്ടി പ്രത്യേക ടോയ്‌ലറ്റ് ബ്ലോക്കും സ്ഥാപിക്കും.