പോലീസ് സേനാംഗങ്ങൾക്കിടയിലെ വർധിച്ചുവരുന്ന മാനസിക സംഘർഷവും അതുമൂലമുള്ള ആത്മഹത്യാ പ്രവണതയും തടയുന്നതിന് സേനയിൽ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോലീസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടാൻ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും പ്രൊഫഷണൽ സമീപനം ആവശ്യമാണ്. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവും ഉണ്ടെങ്കിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ കഴിയും. പോലീസ് സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യാപ്രവണത തടയുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും ആരോഗ്യകരമായിരിക്കണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. ചുമതലയിൽ വീഴ്ച വരുമ്പോൾ സ്വാഭാവികമായും മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടാകും. അക്കാര്യത്തിൽ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടതില്ല. എന്നാൽ സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ ശ്രമിക്കണം.

ജില്ലാ പോലീസ് മേധാവിയും മുകളിലുള്ള ഉദ്യോഗസ്ഥരും തമ്മിൽ കൃത്യമായ ആശയവിനിമയം ഉണ്ടാകണം. പോലീസ് സേനയിൽ ചേരുന്നവർക്ക് അവരുടെ ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം. ഉത്തരവാദിത്വം വളരെ വലുതാണെന്ന് അവർ മനസ്സിലാക്കണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം എപ്പോഴും ഉണ്ടാകാം. ഇതൊക്കെ മാനസിക സംഘർഷത്തിലേക്ക് പോകാതിരിക്കാൻ മേലുദ്യോഗസ്ഥർ ശ്രദ്ധിക്കണം.

സേനാംഗങ്ങൾക്കെതിരെ ആരോപണം ഉണ്ടായാൽ അത് സംബന്ധിച്ച അന്വേഷണം അനന്തമായി നീണ്ടുപോകരുത്. പോലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ സർക്കാർ ചെവി കൊടുക്കു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അർഹതപ്പെട്ട പ്രൊമോഷൻ കൃത്യസമയത്ത് നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അർഹത നേടിയെടുക്കാൻ കോടതിയിൽ പോകേണ്ട സ്ഥിതിയുണ്ടാകരുത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമായി പോലീസിലേക്ക് വരികയാണ്. സേനയെ സംബന്ധിച്ച് ഇത് അഭിമാനകരമാണ്. ഇത്തരം ഉദ്യോഗസ്ഥരുടെ കഴിവുകൾ നല്ല നിലയിൽ പ്രയോജനപ്പെടുത്തണം. അവർക്ക് തൊഴിലിൽ പ്രോത്സാഹനം നൽകണം. അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ സേനയാണ് കേരള പോലീസ്.

കുറ്റാന്വേഷണത്തിലും ക്രസമാധാനപാലനത്തിലും കേരള പോലീസ് വലിയ മികവ് പുലർത്തുന്നുണ്ട്. സ്ത്രീസൗഹാർദപരമായ നിലപാടാണ് പോലീസിനുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പോലീസ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതൊക്കെയാണെങ്കിലും പോലീസിന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാൻ നിക്ഷിപ്ത താല്പര്യക്കാർ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ തെറ്റു ചെയ്യുന്നവരോട് ഒരു വിട്ടുവീഴ്ചയും പോലീസിനുണ്ടാകില്ല.

പോലീസ് സേനയിൽ കൗൺസലിങ്ങിന് കൂടുതൽ ഫലപ്രദമായ സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കുടുംബാംഗങ്ങൾക്കു കൂടി ഏതവസരത്തിലും കൗൺസലിങ്ങ് സെന്ററിൽ ബന്ധപ്പെടാൻ കഴിയണം.

സ്റ്റേഷനുകളിലെ പൊതു അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് പോലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ഫയർ ഫോഴ്‌സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, എഡിജിപിമാരായ ആർ. ശ്രീലേഖ, ബി. സന്ധ്യ, ദർവേഷ് സാഹബ് തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥരും കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പോലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ, ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.