ഓണസമൃദ്ധി കാർഷികവിപണി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 14 ഇനം നിത്യോപയോഗസാധനങ്ങളുടെ വില വർധിച്ചിട്ടില്ല. സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ സ്റ്റോറുകളിൽ ഒരു ഘട്ടത്തിലും വില വർധിക്കാതെയാണ് ഇവ ലഭ്യമാക്കുന്നത്.
ഈ ഇടപെടൽ കുറെക്കൂടി ഫലപ്രദമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കാർഷികവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹോർട്ടികോർപ്പിന്റെ 2000 സ്റ്റാളുകളിലൂടെ സാധാരണ വിപണിവിലയേക്കാൾ വില കുറച്ചാണ് വിൽക്കുന്നത്. ഇത് ജനം സ്വീകരിച്ചെന്നാണ് കഴിഞ്ഞകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം സമൃദ്ധമാക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട്. കൺസ്യൂമർഫെഡ്, സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഇവയെല്ലാം ഓണത്തിനാവശ്യമായ ഉത്പന്നങ്ങൾ വിപണിവിലയേക്കാൾ കുറച്ച് എത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനമുണ്ടാകുന്ന ദ്വിതല വിപണി ഇടപെടലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കർഷകരിൽനിന്നും പൊതുവിപണി വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന ഉത്പന്നങ്ങൾ 30 ശതമാനം വരെ വിലക്കുറവിലും നല്ല കാർഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സർട്ടിഫൈഡ് ഉത്പന്നങ്ങൾ കർഷകരിൽനിന്നും 20 ശതമാനം അധികവില നൽകി സംഭരിച്ച് 10 ശതമാനം വില കുറച്ചുമാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൗമസൂചികാപദവി ലഭിച്ച ചെങ്ങാലിക്കോടൻ നേന്ത്രൻ കൃഷിമന്ത്രിയും തൃശ്ശൂരിലെ കർഷകനായ കൃഷ്ണനും ചേർന്ന് മുഖ്യമന്ത്രിക്ക് നൽകി.
ഓണസമൃദ്ധി 2019 മൊബൈൽ ആപ്പിന്റെ പ്രകാശനം മേയർ വി.കെ പ്രശാന്ത് നിർവഹിച്ചു. കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ് പദ്ധതിവിശദീകരണം നടത്തി. ചെങ്ങാലിക്കോടൻ കാഴ്ചക്കുലകളുടെ വിപണനോദ്ഘാടനം ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു തുടങ്ങിയവർ സംസാരിച്ചു. കൃഷിവകുപ്പ് ഡയറക്ടർ ഡോ.രത്തൻ യു.ഖേൽക്കർ സ്വാഗതവും ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ.സജീവ് നന്ദിയും പറഞ്ഞു.