കിഫ്ബി ഫണ്ടില്‍ നിന്ന് 35 കോടി രൂപ അനുവദിച്ചു

കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച 35 കോടി രൂപയുടെ വന്‍വികസനത്തിലേക്ക് കുണ്ടറ താലൂക്ക് ആശുപത്രി. എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളെയും ഒരു കുടക്കീഴില്‍ലാക്കുന്ന 12 സ്‌പെഷ്യാലിറ്റി ഒ പിയോട് കൂടിയ ബഹുനില കെട്ടിടമാണ് ഇനി ഇവിടെ ഉയരുക.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒട്ടേറെ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. ആധുനിക സംവിധാനങ്ങളോട് കൂടിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവ ഇവിടെ ഉത്ഘാടന സജ്ജമായിരിക്കുകയാണ്. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഇവ സെപ്തംബര്‍ 23 നാടിന് സമര്‍പ്പിക്കും.
ലേബര്‍ റൂം, ഓപറേഷന്‍ തിയേറ്റര്‍, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവിടങ്ങളിലേക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപയാണ് ചെലവഴിച്ചത് എന്ന് പ്രസിഡന്റ് സി. സന്തോഷ് അറിയിച്ചു.


പ്രസവം, സിസേറിയന്‍, ഗര്‍ഭാശയ മുഴ, അണ്ഡാശയ മുഴ , ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ എന്നീ ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യമാണ് സജ്ജമായത്. അത്യാധുനിക ലേബര്‍ കോട്ട് വരെയുള്ള സംവിധാനങ്ങളാണ് ലേബര്‍ റൂമില്‍ ഉള്ളത്. സ്‌കാനിംഗ് സെന്ററിലേക്കും ലാബിലേക്കും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ആരോഗ്യവകുപ്പ് വഴി ലഭ്യമാക്കി.
പ്രസവ സമയത്ത് ഒരു ബൈസ്റ്റാന്‍ഡറെ ഒപ്പം നിര്‍ത്താനും വേദന രഹിത പ്രസവത്തിനുള്ള സജ്ജീകരണങ്ങളുമാണ് മുഖ്യ സവിശേഷതകള്‍.

രണ്ടു ഗൈനക്കോളജിസ്റ്റുകളുടെയും ഒരു അനസ്‌തേഷ്യ ഡോക്ടറുടെയും സേവനമാണ് ലഭ്യമാവുക.
വന്ധ്യതാ നിവാരണ ക്ലിനിക് വഴി ഓവുലേഷന്‍ ഇന്‍ഡക്ഷന്‍, പോളിക്കുലാര്‍ സ്റ്റഡി എന്നീ സേവനങ്ങളാണ് ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 77 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.

(പി.ആര്‍.കെ. നമ്പര്‍ 2284/2019)