പത്തനംതിട്ട: ശുചിത്വപൂര്‍ണമായ പരിസരം നമുക്ക് ചുറ്റും രൂപപ്പെടണമെങ്കില്‍ നാം തന്നെ പ്രവൃത്തന സജ്ജരാകണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റിംഗ് റോഡിന്റെ ശുചീകരണ-സൗന്ദര്യവല്‍ക്കരണ പ്രര്‍ത്തനങ്ങള്‍ക്ക് നഗരസഭ സ്റ്റേഡിയത്തിന് സമീപം തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

വെറും ഒരു ദിവസത്തെ ശുചീകരണത്തിന് ശേഷം പഴയപടിയാകുന്ന പ്രവര്‍ത്തനത്തിന് പകരം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ശുചീകരണ-സൗന്ദര്യവത്ക്കരണ പ്രവൃത്തനങ്ങള്‍ നടത്തി വരും വര്‍ഷങ്ങളില്‍ റിംഗ് റോഡ് പൂന്തോട്ടമാക്കുക എന്ന ശ്രമത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ക്ക് സംശയങ്ങളുണ്ടാകാം. ഇത് പ്രാവര്‍ത്തികമാകുമോ അതോ പാതിവഴിയില്‍ അവസാനിക്കുമോ എന്ന്. ജനങ്ങള്‍ ഒന്നു മനസുവച്ചാല്‍ തീരാവുന്നതേയുള്ളു ഈ സംശയം. അതുകൊണ്ട് ജനങ്ങള്‍ എല്ലാവരും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.


സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യപടിയായാണ് റിംഗ് റോഡ് ശുചീകരണം നടത്തിയത്. നഗരത്തിന്റെ ഹൃദയഭാഗമായ റിംഗ് റോഡിന് ഇരുവശവും പൂര്‍ണമായും ആറു കിലോമീറ്റര്‍ ദൂരത്തിലാണ്  ശുചിയാക്കിയത്.