കാക്കനാട് – എറണാകുളം ഉപതിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന് ബുധനാഴ്ച്ച തുടക്കമാകും. വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയവയ്ക്കുള്ള പരിശീലനമാണ് ആരംഭിക്കുന്നത്.
മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം ബുധനാഴ്ച്ച വൈകിട്ട് മൂന്നിന് കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ നടക്കും. 10 പോളിങ് സ്റ്റേഷന് ഒരാളെ വീതം  എന്ന നിലയിലാണ് സെക്ടറല്‍ ഓഫീസമാർക്ക് പരിശീലനം നൽകുന്നത്.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള  ഒന്നാംഘട്ട പരിശീലനം മഹാരാജാസ് കോളേജിൽ പത്താം തീയതി നടക്കും. രണ്ടാംഘട്ട പരിശീലനം  പതിനാറിനാണ്.  പോളിംഗ് ഓഫീസർമാർക്കും പ്രിസൈഡിങ് ഓഫീസർമാരായി പോസ്റ്റിംഗ് ലഭിച്ചവർക്കുളള പരിശീലനമാണ് പത്തിന്  നടക്കുന്നത്.
ആദ്യഘട്ടത്തിൽ 410 പേർക്ക് പരിശീലനം നൽകും. ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരില്‍  ബൂത്ത് അടിസ്ഥാനത്തിൽ ആവശ്യമായ ഉദ്യോഗസ്ഥർക്കും 20%  റിസർവ് ഉദ്യോഗസ്ഥർക്കുമാണ് രണ്ടാംഘട്ട പരിശീലനം നൽകുന്നത്.
 
ഇലട്രോണിക് വോട്ടിങ് , വിവി പാറ്റ് യന്ത്രങ്ങളുടെ  ക്രമീകരണത്തിന് അന്തിമരൂപമായി 
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും വിവി പാറ്റ് മിഷനുകളുടെയും ഒന്നാം ഘട്ട റാൻഡമൈസേഷൻ 11ന് മഹാരാജാസ് കോളേജിൽ  നടക്കും.  ഇതിന് ശേഷം വിതരണകേന്ദ്രമായ മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂമിലേക്ക് യന്ത്രങ്ങള്‍ മാറ്റും. രണ്ടാം ഘട്ട  റാൻഡമൈസേഷൻ 16നാണ്  നടക്കുന്നത്. 17നാണ് യന്ത്രങ്ങളുടെ കമ്മീഷനിംഗും ബാലറ്റ് പേപ്പര്‍ പതിക്കലും നിശ്ചയിച്ചിരിക്കുന്നത്.
പോളിംഗ് സാമഗ്രി വിതരണം 20ന്
പോളിംഗ് സാമഗ്രികളുടെ വിതരണം 20ന് മഹാരാജാസ് കോളേജിൽ നടക്കും. രാവിലെ 7. 30 മുതൽ വരണാധികാരിയുടെ നേതൃത്വത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ വിതരണം ചെയ്യും. നൂല്‍ മുതല്‍ വോട്ടിംഗ് യന്ത്രം വരെയും നൂല്‍ മുതല്‍ രജിസ്റ്ററുകള്‍ വരെയും നിരവധി സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി ഏറ്റുവാങ്ങേണ്ടത്.
വോട്ടെണ്ണലിന് ജീവനക്കാര്‍
വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നതിനുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ ബുധനാഴ്ച്ച  കളക്ടറുടെ ചേംബറിൽ നടക്കും. രണ്ടാംഘട്ട റാൻഡമൈസേഷൻ പതിനെട്ടിന് നടക്കും. 14 കൗണ്ടിംഗ് ടേബിളുകളിലേക്കുള്ള 14 സ്റ്റാറ്റിക് ഒബ്സർവർമാർ, പതിനാല് കൗണ്ടിംഗ് സൂപ്പർവൈസർമാർ, 14 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരയാണ് റാൻഡമൈസേഷനിലൂടെ തിരഞ്ഞെടുക്കുന്നത്. കൂടാതെ 20 % റിസർവ് ആവശ്യത്തിനായും തിരഞ്ഞെടുക്കും.
പെരുമാറ്റച്ചട്ടലംഘനം – നടപടി തുടരുന്നു
 പെരുമാറ്റ ചട്ടലംഘനം തടയുന്നതിന് കർശന നടപടികൾ തുടരുകയാണ്. ചട്ട വിരുദ്ധമായി പതിച്ചിരുന്ന  111 പോസ്റ്റുകളും 54 കൊടികളും, 8 ബോർഡുകളും 60 മീറ്റർ തോരണങ്ങളും  ആൻറി ഡിഫേസ്മെൻറ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.