കൊച്ചി: ബാലവേല നിരോധന നിയമം തെറ്റിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും 14 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുറഞ്ഞ വേതനം ഉറപ്പാക്കണമെന്നും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ. ബാലവേല നിയമത്തിന്റെ ഭാഗമായി ചൈൽഡ് ലേബർ മോണിറ്ററിംഗ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോട്ടലുകളിലും മറ്റും അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികൾ തൊഴിലെടുക്കുന്നതായി വിവരം ലഭിക്കുന്നുണ്ടെന്നും എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോൾ സാക്ഷികളുടെയും തെളിവുകളുടെയും അഭാവത്തിൽ കേസിന് കോടതിയിൽ ബലം പോരാതെ വരുന്നെന്നും യോഗം ചർച്ച ചെയ്തു.

ബാലവേല നിരോധന നിയം പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന പിഴ, കുട്ടിയുടെ പുനരധിവാസത്തിനായി വിനിയോഗിക്കാമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്തു. പരിശോധന ശക്തമാക്കുന്നതിന് ആവശ്യമെങ്കിൽ പോലിസിന്റെ സഹായം തേടാമെന്ന് എ ഡി എം കെ ചന്ദ്രശേഖരൻ നായർ പറഞ്ഞു. ബാലവേല ചെയ്യിപ്പിക്കുന്ന തൊഴിലുടമയ്ക്ക് എതിരെ നിർബന്ധമായും കേസെടുക്കണമെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചൈൽഡ് ലൈൻ കോർഡിനേറ്റർ ജെൻസൺ വി.ജെ. , ജില്ലാ ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ സൈന കെ.വി., പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എൻ.എം.ഷാജിമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.