വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും. വോട്ടർമാർക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഫാൻ എന്നിവയും പത്രങ്ങളും മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലുണ്ടാകും. ചില ബൂത്തുകളിൽ പച്ചക്കറി വിത്തും വൃക്ഷത്തൈകളും നൽകാനും തീരുമാനിച്ചു. വോട്ടർമാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.

മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ – സെന്റ് ഗൊരട്ടീസ് എച്ച്.എസ്.എസ് നാലാഞ്ചിറ, പി.എസ് നടരാജപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ് പേരൂർക്കട, ഗവ. ഗേൾസ് എച്ച്.എസ് പേരൂർക്കട, ഗവ. എച്ച്.എസ് വട്ടിയൂർക്കാവ്, മഞ്ചംപറ എൽ.പി.എസ്, ഗവ. എച്ച്.എസ് കാച്ചാണി, പി.റ്റി.പി നഗർ അസോസിയേഷൻ ഹാൾ, സെന്റ് ജോൺസ് യു.പി.എസ് വട്ടിയൂർക്കാവ്, വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പി.റ്റി.പി നഗർ, ഹോളി എയ്ഞ്ചൽസ് മേരി മൗണ്ട് ഐ.സി.എസ് സ്‌കൂൾ, സാൽവേഷൻ ആർമി എച്ച്.എസ്.എസ്, ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം, സെന്റ്‌മേരീസ് എൽ.പി.എസ് പട്ടം, ആര്യ സെൻട്രൽ സ്‌കൂൾ പട്ടം, കേന്ദ്രീയ വിദ്യാലയ പട്ടം, സിറ്റി വൊക്കേഷണൽ എച്ച്.എസ്.എസ് പി.എം.ജി, ജവഹർ നഗർ എൽ.പി.എസ് സ്‌കൂൾ, രാജാ കേശവദാസ് എൻ.എസ്.എസ് എച്ച്.എസ്.എസ് ശാസ്തമംഗലം, സെവൻത് ഡേ ഇംഗ്ലീഷ് മീഡയം സ്‌കൂൾ, ഗവ. യു.പി.എസ് തിരുമല.
—-

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടിസ്ഥലം തിരഞ്ഞെടുത്തത് ഓൺലൈനായി

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട ബൂത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നറുക്കെടുപ്പ് മാതൃകയിൽ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നു.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇവർ ജോലി ചെയ്യേണ്ട ബൂത്ത് വിവരം ഇന്ന് രാവിലെ അഞ്ച് വരെ രഹസ്യമായി സൂക്ഷിക്കും. തുടർന്ന് പോൾമാനേജർ എന്ന ആപ്ലിക്കേഷൻ വഴി വിവരം അറിയിക്കും. ഇന്ന് (ഒക്ടോബർ 20) രാവിലെ 10 മുതൽ പട്ടം സെന്റ്‌മേരീസിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ ഇവർ ഏറ്റുവാങ്ങും.
—-

തിരഞ്ഞെടുപ്പിൽ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

വോട്ടർപട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് ചെയ്യുന്ന സ്ഥിതിയുണ്ടാകണം. പൊതുജനങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സംഘടനകൾ എന്നിവരും സഹകരിക്കണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ കുറ്റമറ്റ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള മറ്റ് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും കളക്ടർ അറിയിച്ചു.