പാലക്കാട്: വളപ്രയോഗ ബോധവത്ക്കരണ പരിപാടിയുടെ ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പട്ടാമ്പി പിഷാരടി ഹോട്ടലില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

രാജ്യം 80 ശതമാനത്തോളവും കാര്‍ഷികമേഖലയെ ആശ്രയിക്കുമ്പോള്‍ താഴെ തലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ മേഖലയുടെ വികസനം സാധ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പട്ടാമ്പി ആര്‍ എ ആര്‍ എസ്സിലെ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. എം.എല്‍. ജ്യോതി അധ്യക്ഷയായി.

തുടര്‍ന്ന് വളപ്രയോഗത്തിന്റെ ആവശ്യകത, മണ്ണിന്റെ ഘടനയനുസരിച്ചുള്ള വളപ്രയോഗം എന്നിവ സംബന്ധിച്ച് പട്ടാമ്പി ആര്‍.എ.ആര്‍.എസ് അസി. പ്രൊഫസര്‍ ഡോ.വി.തുളസി ക്ലാസ്സെടുത്തു. പ്രളയത്തിനുശേഷം മണ്ണിന്റെ ഘടനയ്ക്ക് സംഭവിച്ചിട്ടുണ്ടാകാനിടയുള്ള മാറ്റങ്ങള്‍, മണ്ണിന്റെ ഭൗതിക-രാസ-ജൈവ സ്വഭാവ സവിശേഷത, മണ്ണൊലിപ്പ് തടയല്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. മണ്ണൊലിപ്പിലൂടെ കേരളത്തിന് ഒരു വര്‍ഷം 17000 കിലോ മണ്ണ് നഷ്ടപ്പെടുന്നുണ്ട്.

കേരളത്തിലെ 65 ശതമാനം മണ്ണില്‍ നൈട്രജനും 70 ശതമാനം മണ്ണില്‍ പൊട്ടാസ്യവും കുറവാണ്. ഫോസ്ഫറസിന്റെ അളവ് കൂടുതലായതിനാല്‍ ചെടികള്‍ക്ക് പല പോഷകങ്ങളും ലഭിക്കാതാകും. പുളിപ്പ് നിയന്ത്രണം, ജൈവ വളപ്രയോഗം, സന്തുലിത വളപ്രയോഗം, ജീവാണു വളങ്ങള്‍, ജൈവ കീടരോഗ നിയന്ത്രണം എന്നിവയിലൂടെ മണ്ണിനെ ആരോഗ്യമുള്ളതാക്കാമെന്നും ഇതിലൂടെ വിളവ് വര്‍ധിപ്പിക്കാനാകുമെന്നും ക്ലാസ്സില്‍ വിശദീകരിച്ചു. കെ.വി.കെ അസി. പ്രൊഫസര്‍മാരയ ഡോ. കെ.വി സുമിയ, ജില്‍ഷാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.