സർക്കാരിന്റെ നവകേരള കർമ്മ പരിപാടികളിലൊന്നായ ആർദ്രം മിഷൻ കൂടുതൽ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാൻ ആർദ്രം ജനകീയ കാമ്പയിനുമായി ആരോഗ്യ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവർത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിർമാർജനവും എന്നീ പ്രവർത്തനങ്ങൾക്കും കൂടുതൽ ഊന്നൽ നൽകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയ കാമ്പയിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആർദ്രം മിഷന്റെ കമ്മിറ്റികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ കാമ്പയിൻ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ ആർദ്രം മിഷന്റെ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി, ഉപാധ്യക്ഷൻമാരായ ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി, ആദ്രം മിഷൻ പ്രവർത്തനങ്ങൾക്കായുള്ള മറ്റ് അംഗങ്ങൾ എന്നിവർ കാമ്പയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും മാർഗനിർദ്ദേശം നൽകുകയും ചെയ്യും.

വിവിധ തലത്തിലുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ചെയർപേഴ്സണും ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശഭരണ മന്ത്രി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി എന്നിവർ സഹചെയർമാൻമാരുമായ കമ്മിറ്റിയും രൂപീകരിച്ചു. ജലവിഭവ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, എല്ലാ സംസ്ഥാനതല ഇംപ്ലിമെന്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.

ആർദ്രം കാമ്പയിന്റെ ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എല്ലാ എംപിമാരും എംഎൽഎമാരും രക്ഷാധികാരികളുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാകളക്ടർ സഹ ചെയർമാനും ജില്ല മെഡിക്കൽ ഓഫീസർ കൺവീനറും നാഷണൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ജോ. കൺവീനറുമാണ്. തദ്ദേശസ്വയംഭരണ അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് തലവൻമാർ തുടങ്ങിയവരാണ് അംഗങ്ങൾ.

കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയിൽ മേയർ/ ചെയർപേഴ്സൺ/ പ്രസിഡന്റ്, തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രി സൂപ്രണ്ട്/മെഡിക്കൽ ഓഫീസർ, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്ന കാമ്പയിൻ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ജില്ലാ ആരോഗ്യദൗത്യവും ജില്ലാ ആർദ്രം ടാസ്‌ക് ഫോഴ്സും ജില്ലാ തലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എം.എൽ.എ.മാർ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വാർഡ് തലത്തിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റികളായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ജില്ലയിൽ അതത് കാമ്പയിനുകൾക്കായുള്ള തീമുകളും ആളുകളുടെ പങ്കാളിത്തവും ജില്ലാതലത്തിൽ ഉറപ്പുവരുത്തും. സ്ഥാപന തലത്തിൽ ആർദ്രം ജനകീയ കാമ്പയിനിലുള്ള കമ്മിറ്റിയായിരിക്കും പ്രവർത്തകർക്ക് നേതൃത്വം നൽകുക. ആർദ്രം ജനകീയ കാമ്പയിൻ വലിയ വിജയമാകാൻ എല്ലാവരുടേയും സഹകരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു.

ആർദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 18ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും.