ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിതരണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ – തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകള്‍ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. ഈ മേഖലയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് മാറ്റിയിടാന്‍ തീരുമാനിച്ചത്.

നിലവില്‍ 1000 എംഎം. എച്ച്ഡിപിഇ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപകരം 900 എംഎം. എംഎസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഡിഎല്‍പി പ്രകാരം നിലവിലുള്ള കരാറുകാരന്‍തന്നെ പൈപ്പ്മാറ്റിയിടല്‍ പ്രവൃത്തികള്‍ നിര്‍വഹിക്കും. ഈ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ആര്‍.ഒ. പ്ലാന്റ്, കുഴല്‍കിണര്‍, ടാങ്കര്‍ ലോറികള്‍ തുടങ്ങിയ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.

പൈപ്പ്് മാറ്റിയിടുന്നതിനായി റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുക്കും. ഇതിന്റെ ചെലവ് ജല അതോറിട്ടി വഹിക്കും. തകഴിയില്‍ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം 1524 മീറ്റര്‍ റോഡിലാണ് അറ്റകുറ്റപണി വേണ്ടിവരുന്നത്. ഇതുവഴിയുള്ള ഗതാഗതത്തിന് പരമാവധി തടസം സൃഷ്ടിക്കാത്ത നിലയിലാവണം പൈപ്പ് മാറ്റിയിടല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതെന്നും മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു.

ഈ പൈപ്പുകള്‍ മാറ്റിയിടുന്നതോടെ ൈപപ്പ്‌പൊട്ടി കുടിവെള്ളം മുടങ്ങുന്ന ദുരവസ്ഥയ്ക്ക് അവസാനമാവും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രശ്‌നത്തില്‍ ഇടപെടുകയും അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു.

പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിര്‍ലോഭമായ പിന്തുണ അറിയിച്ചതോടെ പൈപ്പ് മാറ്റിയിടുന്നതിനുള്ള തീരുമാനം വേഗത്തില്‍തന്നെ കൈകൊള്ളുകയായിരുന്നു. തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് യോഗം നിര്‍ദേശവും നല്‍കി.
കൂടുതല്‍കാലം നിലനില്‍ക്കുന്ന മൈല്‍ഡ് സ്റ്റീല്‍ (എംഎസ്) പെപ്പുകള്‍ ഈ പ്രദേശത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ജല അതോറിട്ടിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.