ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും വിപ്ലവകരമായ പുസ്തകം ‘ഇന്ത്യൻ ഭരണഘടന’ തന്നെയാണെന്ന് പ്രമുഖ സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന കെ.എൽ.ഐ.ബി.എഫ് ടോക്ക് സേഷനിൽ ‘ഭരണഘടനാ ധാർമികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സമൂഹം ശരിയെന്ന് വിശ്വസിക്കുന്ന മൂല്യങ്ങളാണ് സാമൂഹിക ധാർമികതയ്ക്കടിസ്ഥാനമെന്നും എന്നാൽ അത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ചിരുന്ന പാരമ്പര്യമാണ് നമുക്കുള്ളത്.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദം ഇന്ത്യയിലെ മനുഷ്യവിരുദ്ധമായ പഴയ ധാർമിക വ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവകരമായ പ്രഖ്യാപനമാണ്.
ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനാ ധാർമികതയെക്കുറിച്ച് സണ്ണി എം. കപിക്കാട് വിശദീകരിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി എന്നിവയാണ് ഇതിന്റെ അടിസ്ഥാനം. ഭരണഘടനയെ ബഹുമാനിക്കുക എന്നത് മാത്രമല്ല, ഭരണകൂടം പൗരന്മാരെ ബഹുമാനിക്കുക എന്നത് കൂടിയാണ് ഇതിന്റെ പൊരുൾ.
ഭരണഘടന മാറുന്നില്ലെങ്കിലും ഭരണപരമായ പരിഷ്കാരങ്ങളിലൂടെ അതിന്റെ മൂല്യങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ഭരണഘടനയിൽ ഭരണപരമായ കാര്യങ്ങൾ പോലും വിശദമായി ഉൾപ്പെടുത്തിയത്.
ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം ഓരോരുത്തരും തിരിച്ചറിഞ്ഞാൽ മാത്രമേ നമുക്ക് യഥാർത്ഥ ജനാധിപത്യ സമൂഹമായി മാറാൻ കഴിയൂ എന്നും സണ്ണി എം. കപിക്കാട് കൂട്ടിച്ചേർത്തു.
