*പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കും


*ലൈസൻസ് അപേക്ഷകൾ ഭരണസമിതികൾക്ക് നിരസിക്കാനാവില്ല

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കേരളത്തിൽ നിക്ഷേപം പ്രോത്‌സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിനോടനുബന്ധിച്ച് ഈസ് ഓഫ് ഡൂയിംഗ് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കും. ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവർക്കായിരിക്കും ഇതിന്റെ ചുമതല.

ഗ്രാമപഞ്ചായത്തുകളിൽ സംരംഭം ആരംഭിക്കാനെത്തുന്നവർക്ക് ആവശ്യമായ മുഴുവൻ സഹായവും ഹെൽപ് ഡെസ്‌കിൽ നിന്ന് നൽകണം. സർക്കാരിന്റെ വ്യവസായ നയം, നിയമങ്ങളിലും ചട്ടങ്ങളിലും വരുത്തിയ ലഘൂകരിച്ച വ്യവസ്ഥകൾ, കെ സ്വിഫ്റ്റ് ആപ്ലിക്കേഷൻ സംബന്ധിച്ച വിവരം എന്നിവ സഹായ ഡെസ്‌കിൽ ലഭിക്കും. ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കൃത്യമായി പ്രവർത്തിക്കുന്നുവെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും പരിശോധന നടത്തി ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

അധികാരികളുടെ കൃത്യമായ നിരാക്ഷേപ പത്രമുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ ലൈസൻസ് അപേക്ഷ നിരസിക്കുന്നത് ക്രമവിരുദ്ധമാണ്. ഇതുസംബന്ധിച്ച് പരാതികൾ ലഭിക്കുന്നുണ്ടെന്നും ഭരണസമിതിയുടെ ഇത്തരം നടപടി 2018ലെ കേരള നിക്ഷേപം പ്രോത്‌സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിനും 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിനും വിരുദ്ധമായതിനാൽ പഞ്ചായത്ത് സെക്രട്ടറിമാർ ഭരണസമിതികൾക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകണം.

ഇതിനുശേഷവും ക്രമവിരുദ്ധമായി നടപടി സ്വീകരിച്ചാൽ ചട്ടങ്ങൾ പ്രകാരമുള്ള നടപടി സെക്രട്ടറി സ്വീകരിക്കാനും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പരമാവധി അഞ്ച് വർഷ കാലയളവിലേക്ക് നിശ്ചിത ഫീസ് ഈടാക്കിയാണ് ലൈസൻസ് അനുവദിക്കേണ്ടത്.

ലൈസൻസ് നൽകുമ്പോൾ മറ്റു വകുപ്പുകളും സ്ഥാപനങ്ങളും നൽകുന്ന നിരാക്ഷേപ സാക്ഷ്യപത്രങ്ങൾക്ക് അഞ്ചു വർഷകാലയളവ് ഇല്ലെങ്കിൽ ഓരോന്നും അവസാനിക്കുന്ന തീയതി ലൈസൻസ് നിബന്ധനകളിൽ പ്രത്യേകം രേഖപ്പെടുത്തി നൽകണം. ഈ തീയതിക്ക് മുമ്പ് നിരാക്ഷേപ സാക്ഷ്യപത്രം പുതുക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയ്ക്കും മറ്റു നഷ്ടങ്ങൾക്കും ലൈസൻസിയായിരിക്കും ഉത്തരവാദിയെന്നും രേഖപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്.

അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണം.  ന്യൂനതകൾ ഉണ്ടെങ്കിൽ അപേക്ഷ ലഭിച്ച് മൂന്ന് ദിവസത്തിനകം അപേക്ഷകനെ അറിയിക്കണം. 30 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് വിവരം അറിയിച്ചില്ലെങ്കിൽ അപേക്ഷകന് കൽപിതാനുമതി ലഭിക്കുന്നതിനുണ്ടാകുന്ന ബാധ്യതകൾക്ക് സെക്രട്ടറി ഉത്തരവാദിയായിരിക്കും.

ഗ്രാമപഞ്ചായത്തുകളിൽ കെ സ്വിഫ്റ്റ് ആപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന എല്ലാ അപേക്ഷകളിലും സമയബന്ധിത നടപടി കൈക്കൊള്ളുന്നുണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതുമൂലം അപേക്ഷകന് കൽപിതാനുമതി ലഭിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി സർക്കാരും വ്യവസായ വകുപ്പും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും ഗ്രാമപഞ്ചായത്തുകൾ കർശനമായി പാലിക്കണം. ഗ്രാമപഞ്ചായത്തുകൾക്ക് വ്യക്തതയും സുതാര്യതയും കാര്യക്ഷമതയും ഉണ്ടാകുന്നതിന് മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും വ്യവസായ വകുപ്പിന്റെ സഹായത്തോടെ 30നകം ഏകദിനം പരിശീലനം സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്.