ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ഇടുക്കി: ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. 32-മത് ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ കലോത്സവ മത്സരങ്ങളില്‍ വീറും വാശിയോടെയും പങ്കെടുക്കണം. എന്നാല്‍ ജയപരാജയങ്ങളെ ഒരേ മനസോടെ, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ സ്വീകരിക്കാന്‍ തയ്യാറാകണം. തോല്‍വി വിജയത്തിനു നാന്ദി കുറിക്കണം. പരാജയപ്പെട്ടവര്‍ നിരാശരാകാതെ പോരായ്മ കണ്ടെത്തി തിരുത്തി മുന്നേറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ടോം.വി. തോമസ് (തൊടുപുഴ നഗരസഭ യു പി സ്‌കൂള്‍ എച്ച്.എം), എം.ടി.ഉഷാകുമാരി (എന്‍.ആര്‍ സിറ്റി എച്ച്. എസ്. എസ് ) എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മെല്‍ബിന്‍ രൂപേഷിന് മന്ത്രി ഉപഹാരം നല്കി. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു.

18 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കട്ടപ്പന വേദിയാകുന്നത്. 9 വേദികളിലായി 18, 19, 20, 21 തീയതികളില്‍ നടക്കുന്ന കലോത്സവമത്സരങ്ങളില്‍ 3000 ത്തോളം കലാകാരന്‍മാര്‍ മാറ്റുരയ്ക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റിന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബെന്നി കല്ലൂപ്പുരയിടം, ലീലാമ്മ ഗോപിനാഥ്, കൗണ്‍സിലര്‍മാരായ മനോജ് മുരളി, കെ.പി.സുമോദ്, സിബി പാറപ്പായി, റ്റിജി.എം. രാജു, എം.സി.ബിജു, ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ റ്റി.കെ. മിനി, ഹയര്‍ സെക്കണ്ടറി കോട്ടയം ആര്‍ ഡി ഡി ബീനുകുമാരി.കെ.സി, ,സ്‌കൂള്‍ മാനേജര്‍ ഫാ.ജേക്കബ് ചാത്തനാട്ട്, പ്രിന്‍സിപ്പാള്‍ ജീമോന്‍ ജേക്കബ്, ലീന രവിദാസ്, കെ.സി.വിജയന്‍, റെജി ചേന്നാട്ട്, മിനി തോമസ്, വി.ആര്‍.സജി, ജോയി പൊരുന്നോലി, ഡൊമിനിക് ജേക്കബ്, ജയമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.