പാലക്കാട്: ശില്‍പശാലയുടെ ഭാഗമായി തയ്യാറാക്കിയ പ്രദര്‍ശനത്തില്‍ തത്തമംഗലം അഗ്മാര്‍ക്ക് ലാബ്, അട്ടപ്പാടി മില്ലറ്റ് വില്ലേജ്, ഇക്കോ ഷോപ്പുകള്‍, ഫുഡ് സെക്യൂരിറ്റി ഗ്രൂപ്പുകള്‍, മറ്റ് കാര്‍ഷിക സംരംഭകര്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടന്നു. തിന, കമ്പ്, പയര്‍, റാഗി, വരഗ്, പനിവരഗ്, കുതിരവാലി, മണി ചോളം, തുടങ്ങിയ അപൂര്‍വ ഇനം ധാന്യങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസി കര്‍ഷകരെ ഉള്‍പ്പെടുത്തി മില്ലറ്റ് വില്ലേജില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് അപൂര്‍വ്വ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നത്. അഗ്മാര്‍ക്ക് ലഭിച്ച മറയൂര്‍ ശര്‍ക്കര, ശുദ്ധമായ ക്രിസ്റ്റര്‍ ബ്രാന്‍ഡ് വെളിച്ചെണ്ണ എന്നിവയും പ്രദര്‍ശനത്തിനുണ്ട്. വിവിധ തരം സ്‌ക്വാഷുകള്‍, സസ്യവളര്‍ച്ച ലായനികള്‍ എന്നിവയും വില്‍പ്പനയ്‌ക്കെത്തി.

ശില്‍പ്പശാലയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എല്‍. ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിദാസ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ടി പുഷ്‌കരന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സുരേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ലക്ഷ്മി ദേവി തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഉദ്യോഗസ്ഥര്‍, ആത്മ പ്രൊജക്റ്റ് കോഡിനേറ്റര്‍മാര്‍, ഇരുന്നൂറോളം കര്‍ഷകര്‍ പങ്കെടുത്തു. ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് വിത്തിനങ്ങളും സൗജന്യമായി വിതരണം ചെയ്തു.