മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല  കേരളോത്സവം കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലില്‍, അനിത രാജു, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.  ഗോപാലന്‍ നായര്‍, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നാസര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാലതാരം മീനാക്ഷി വിശിഷ്ടാതിഥിയായി.

പേട്ട ഗവണ്‍മെന്‍റ് യു. പി സ്കൂളില്‍നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടായിരം കലാ-കായിക താരങ്ങളാണ് കേരളോത്സവത്തില്‍ പങ്കെടുക്കുന്നത്. 90 ഇനങ്ങളിലാണ് മത്സരം. എ.കെ.ജെ.എം സ്കൂള്‍, സെന്‍റ് മേരീസ് സ്കൂള്‍, സെന്‍റ് ഡൊമിനിക് കോളേജ് മൈതാനം, കുന്നുംഭാഗം ഗവണ്‍മെന്‍റ് സ്കൂള്‍ മൈതാനം എന്നിവയാണ് പ്രധാന വേദികള്‍.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന  കേരളോത്സവം 24 ന് സമാപിക്കും. പേട്ടക്കവല തോംസണ്‍ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം  ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും.