* മരിച്ച ഷഹ്‌ല ഷെറീന്റെ കുടംബാംഗങ്ങളെ സന്ദര്‍ശിച്ചു

 

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ  വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി സി.രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ചത്.

ഷഹലയുടെ മാതാപിതാക്കളെയും കുടംബാംഗങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.  കുടുംബത്തിന്  നേരിട്ട വേദനയില്‍ പങ്കുചേരുന്നതായി ഇവര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദമായ അനേ്വഷണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.   സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങലിലും  ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കും.  വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങലിലും  വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ   നേതൃത്വത്തില്‍ പരിശോധന നടത്തും.

ഏതെങ്കിലും വിദ്യാലയത്തില്‍  ക്ലാസ് മുറികളിലും ശുചിമുറികളിലും എന്തെങ്കിലും തരത്തിലുള്ള അപാകതകളോ അസൗകര്യങ്ങളോ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും.  ഇതിനായി സമഗ്ര പാക്കേജ് തയ്യാറാക്കി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സര്‍വജന സ്‌കൂളിന്  കിഫ്ബി മുഖേന ഒരു കോടി രൂപ മുമ്പ് അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ അപാകത ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ കൂടി സര്‍വജന സ്‌കൂളിനായി നല്‍കും.  ഇതിനായി നഗരസഭ ഉടന്‍ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണം. ഈ മാസം തന്നെ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.