മുളയിലും തടിയിലും വാഴനാരിലും തീർത്ത കരകൗശല ഉല്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവയുടെ വേറിട്ട പ്രദർശനത്തിന്റെ വേദിയായി തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനം. കേരള കരകൗശല വികസന കോർപ്പറേഷന്റെ പ്രധാന വിപണന യൂണിറ്റായ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പോലീസ് മൈതാനത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേളയായ ‘ക്രാഫ്റ്റ്‌സ് ബസാർ 2019’ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത കൈത്തറി കരകൗശല മേഖലയുടെ ഉന്നമനത്തിനായി കരകൗശല വികസന കോർപ്പറേഷനും സർക്കാരും നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മേയർ പറഞ്ഞു. കയറുല്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്താനും കൈത്തറി കരകൗശല ഉല്പന്നങ്ങൾ വിറ്റഴിച്ച് തൊഴിലാളികൾക്ക് മികച്ച വരുമാനം നേടിയെടുക്കാനും ഈ സർക്കാർ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഈട്ടി തടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധ ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുളള ഗൃഹാലങ്കാര വസ്തുക്കൾ, നെട്ടൂർ പെട്ടി, ആറന്മുള കണ്ണാടി തുടങ്ങിയ കേരളീയ ഉല്പന്നങ്ങൾക്കു പുറമെ, ശാന്തിനികേതൻ ബാഗുകൾ, ഘൊഷയാർ ലൈസ് വർക്കുകൾ, കോലാപുരി ചെരിപ്പുകൾ, വിവിധ തരം വസ്ത്രങ്ങൾ, മൺപാത്ര ഉല്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവ പ്രദർശനത്തിനും വില്പനയ്ക്കുമായി സജ്ജമാക്കിയിട്ടുണ്ട്. തടി കൊണ്ടുള്ള കൂജ, ജഗ്, റാന്തൽ വിളക്ക്, കളിപ്പാട്ടങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്.
ആര്യവേപ്പ്, കടുമ്പ്, ഇലിപ്പ, കാഞ്ഞിരം തുടങ്ങി 11 ഔഷധത്തടികൾ ചേർത്തുണ്ടാക്കിയ ഔഷധക്കട്ടിലും ചാരുകസേരയും മറ്റൊരു ആകർഷണമാണ്. പട്ടുനൂൽപ്പുഴുക്കൂട് കൊണ്ടുണ്ടാക്കിയ മാലകൾ, വാഴനാരു കൊണ്ടുള്ള ബാഗുകൾ, തൊപ്പി, മേശവിരി, ചിരട്ട കൊണ്ടുള്ള വിവിധ ഉല്പന്നങ്ങൽ എന്നിവ പ്രദർശനത്തിന് പുതുമയേകുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനത്തിനായി നൂറോളം സ്റ്റാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
കേന്ദ്രവസ്ത്ര മന്ത്രാലയത്തിനു കീഴിലുളള കരകൗശല കമ്മീഷണർ ഓഫീസിന്റെ സഹകരണത്തോടെയാണ് മേള. ഡിസംബർ അഞ്ചിന് അവസാനിക്കും. ഡിസി (എച്ച്) റീജിയണൽ ഡയറക്ടർ എം. പ്രഭാകരൻ ആദ്യവില്പന നടത്തി. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.ഡി എൻ.കെ. മനോജ്, നഗരസഭ കൗൺസിലർ വിദ്യാമോഹൻ എം. എ, അസിസ്റ്റന്റ് ഡയറക്ടർ ധനൂർ സി. വി., ബിജുമോൻ ജോസഫ്, സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.