വിദ്യാഭ്യാസ വായ്പ വിതരണത്തില്‍ ബാങ്കുകള്‍ക്ക് ഉദാര സമീപനം വേണമെന്ന് ജില്ലാ കലക്റ്റര്‍ ഡോ. പി. സുരേഷ്ബാബു പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്റ്റര്‍. കാര്‍ഷിക വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാകുന്നതിനുളള നടപടി ബാങ്കധികൃതര്‍ സ്വീകരിക്കണം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വായ്പകള്‍ നല്‍കണമെന്നും ജില്ലാകലക്റ്റര്‍ പറഞ്ഞു. നബാര്‍ഡിന്റെ വായ്പ പദ്ധതിയുടെ ലഘുലേഖ ജില്ലാ കലക്റ്റര്‍ പരിപാടിയില്‍ പ്രകാശനം ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മധ്യപാദത്തേതില്‍ നിന്നും ഇത്തവണ വായ്പാ-നിക്ഷേപ അനുപാതം ഒരു ശതമാനം വളര്‍ച്ചനേടി. ബാങ്കുകളുടെ നിക്ഷേപം 30011 കോടിയില്‍ നിന്നും 8.48 ശതമാനം ഉയര്‍ന്ന് ഈ വര്‍ഷം 30350 ആയി. കഴിഞ്ഞ വര്‍ഷം വായ്പയായി 18711 കോടി വായ്പ വിതരണം ചെയ്തപ്പോള്‍ ഈ വര്‍ഷം 20299 കോടി വായ്പ നല്‍കിയിട്ടുണ്ട്. ബാങ്കുകളില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക പണമിടപാടു കൗണ്ടര്‍ സ്ഥാപിക്കുക, വിദ്യാഭ്യാസ ലോണിനായി അപേക്ഷകര്‍ വിദ്യാലക്ഷ്മി വെബ് പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതര്‍ക്കുള്ള കെസ്‌റു വായ്പാ പദ്ധതിയില്‍ വിവിധ ബാങ്കുകളിലുള്ള അപേക്ഷകള്‍ ഉടന്‍ പരിഗണിക്കുക, എ.ടി.എം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കാര്‍ഷിക മേഖലയ്ക്ക് നല്‍കേണ്ട 4224 കോടിയില്‍ 3445 കോടി വായ്പ നല്‍കി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തിലുള്ള 109179 പേര്‍ക്കായി 2634 കോടിയും മുസ്ലിം വിഭാഗത്തിന് 239845 പേര്‍ക്കായി 5710 കോടിയും വായ്പ നല്‍കി.
വിദ്യാഭ്യാസ വായ്പയായി 2017 സെപ്റ്റംബര്‍ വരെ 25533 പേര്‍ക്ക് 50513 ലക്ഷം നല്‍കി* ചെറുകിട വ്യവസായികള്‍ക്കായി 50,000 മുതല്‍ 10 ലക്ഷം വരെ നല്‍കുന്ന പ്രധാന്‍മന്ത്രി മുദ്രാ ലോണ്‍ യോജനപ്രകാരം 23194 പേര്‍ക്കായി 22005 ലക്ഷം വായ്പ നല്‍കി.* കര്‍ഷകര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളെ ആശ്രയിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നടപ്പാക്കിയ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 137128 പേര്‍ക്ക് നല്‍കി. കാര്‍ഡുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി 154957 ലക്ഷം വായ്പ നല്‍കി.  സ്വയംതൊഴില്‍ സംരഭങ്ങള്‍ നടത്തുന്ന 1944 സ്വയംസഹായ സംഘങ്ങള്‍ക്കായി 2416 ലക്ഷം നല്‍കി.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മധ്യപാദ ബാങ്കിങ് അവലോകനമാണ് പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടന്നത്. കനറാ ബാങ്ക് ഡിവിഷനല്‍ മാനെജര്‍ ശിവശങ്കരന്‍, റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമ്മേല്‍, ജില്ലാ ലീഡ് ബാങ്ക് മാനെജര്‍ പി.ജെ.സാം, നബാര്‍ഡ് ഡി.ഡി.എം രമേഷ് വേണുഗോപാല്‍ പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്ക് മാനെജര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.