തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മാലിന്യമകറ്റാൻ നടപടിയുമായി ക്ലീൻ കേരള കമ്പനി. തിരുവനന്തപുരം റെയിൽവേ യാർഡിൽ നിന്നും ട്രെയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയും ദക്ഷിണ റെയിൽവേയും തമ്മിൽ കരാറായത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.
തിരുവനന്തപുരം റെയിൽവേ കോച്ചിംഗ് ഡിപ്പോയിൽ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവർത്തന പരിപാലനം ക്ലീൻ കേരള കമ്പനി നിർവഹിക്കും.

യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് 11 സ്ത്രീകൾ ഉൾപ്പെടെ 19 പേരടങ്ങുന്ന കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പാണ്. ഇവിടെ കമ്പോസ്റ്റിംഗ് ബിന്നുകളും തുമ്പൂർമൂഴി കംമ്പോസ്റ്റിംഗ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. കാർഷിക യൂണിവേഴ്സിറ്റിയിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പാക്കി വിപണനത്തിന് തയാറാക്കും. കമ്പോസ്റ്റിംഗ് മുഖേനെ ഉൽപ്പാദിപ്പിക്കുന്ന ജൈവവളം കൃഷിക്കും മറ്റും ഉപയോഗിക്കും.

ഫോയിൽ, ചെരുപ്പ്, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ, ഡയപ്പറുകൾ, പേപ്പർ മുതലായ അജൈവമാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. അജൈവമാലിന്യങ്ങളിൽ കനംകുറഞ്ഞ ക്യാരിബാഗുകൾ, പുന:ചംക്രമണയോഗ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ എന്നിവ ഷ്രെഡ്ഡ്ചെയ്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ സജ്ജമാക്കും. അലൂമിനിയം ഫോയിൽ, കപ്പുകൾ, പേപ്പർ, പേപ്പർ പ്ലേറ്റ് തുടങ്ങിയവ ബണ്ടിലുകളാക്കി പുന:ചംക്രമണ ഏജൻസികൾക്ക് കൈമാറും. പുന:ചംക്രമണയോഗ്യമല്ലാത്ത മാലിന്യങ്ങൾ ശാസ്ത്രീയമായ സാനിട്ടറി ലാന്റ് ഫില്ലിംഗിനായാണ് നൽകുന്നത്.

യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഡസ്റ്റ് റിമൂവർ മെഷീൻ, ബെയിലിംഗ് മെഷീൻ, പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് മെഷീൻ എന്നിവ യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. ഉപകരണങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കിയത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ്. ഈ പ്രവർത്തനം കേരളത്തിലെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് ക്ലീൻ കേരള അധികൃതർ അറിയിച്ചു. മാലിന്യത്തിന്റെ തോതനുസരിച്ച് പ്ലാന്റിന്റെ ശേഷി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.