മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ദക്ഷിണ മേഖലാ കലോത്സവം ‘പെന്‍സ വെര്‍ജെ’ പാരിപ്പള്ളിയിലെ കൊല്ലം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ത്തമാനകാല സാമൂഹ്യ പ്രശ്‌നങ്ങളെ  കലാ-സാംസ്‌കാരിക ബോധത്തിലൂടെ യുവജനത നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍  23 വരെ നടക്കുന്ന  കലോത്സവത്തില്‍ സര്‍വ്വകലാശാലയ്ക്ക്  കീഴിലുള്ള 75 കോളേജുകളില്‍ നിന്നായി 2500 ഓളം വിദ്യാര്‍ഥികള്‍  പങ്കെടുക്കും.  സമകാലീന  രാഷ്ട്രീയാന്തരീക്ഷവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റിറ്റിയുഷന്‍, ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 371(ബി), ആര്‍ട്ടിക്കിള്‍ 26 എന്നിങ്ങനെയാണ്   കലോത്സവ  വേദികള്‍ക്ക് പേര് നല്‍കിയത്.   കൊല്ലം മെഡിക്കല്‍ കോളേജ് സ്ഥാപിതമായതിന് ശേഷം ആദ്യമായി നടക്കുന്ന മേള  ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കലോത്സവം സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആദര്‍ശ് എം. സജി അധ്യക്ഷനായി. എം. നൗഷാദ് എം.എല്‍.എ,   സ്വാഗതസംഘം ചെയര്‍മാന്‍ കെ. സേതുമാധവന്‍, ചലച്ചിത്ര താരം രാജേഷ് ശര്‍മ, യുവ തിരക്കഥാകൃത്ത് പി.വി. ഷാജികുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറാ വര്‍ഗീസ്, യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ ജനറല്‍ സെക്രട്ടറി ഷെഹന്‍ഷാ പരീദ് എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങുകള്‍ക്ക്  ശേഷം രണ്ട് വേദികളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കുച്ചിപ്പുടി, അറവനമുട്ട്, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട്, പൂരക്കളി എന്നീ മത്സരങ്ങളും  നടന്നു.