‘അസാപ്’ ബഹുഭാഷാ പരിശീലനകേന്ദ്രത്തിനും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിനും തുടക്കമായി

 

യുവതയുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അസാപ്’ ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴിൽശേഷി മെച്ചപ്പെടുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഏതു തൊഴിൽമേഖലയിലും പരിഷ്‌കൃതസമൂഹത്തിൽ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാനും അവർക്ക് തൊഴിൽ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം. പരിശീലനകേന്ദ്രങ്ങൾ എല്ലാ വിഭാഗത്തെയും കണ്ടുകൊണ്ട് വികസിക്കണം. വിദ്യാഭ്യാസം കഴിഞ്ഞാൽ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തുള്ള ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്‌ളിഷിൽ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല. അതു ജോലിതേടി അഭിമുഖങ്ങൾക്ക് പോകുമ്പോൾ തന്നെ തൊഴിലന്വേഷകർ പ്രയാസമനുഭവിക്കുന്ന കാര്യമാണ്. ഇംഗ്‌ളിഷ് മാത്രം പഠിച്ചാൽ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോൾ ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷകളുടെ പഠനം ‘അസാപ്’ വഴി ആരംഭിക്കുന്നത്.
മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏർപ്പെടുത്താനുള്ള തുടർപ്രവർത്തനങ്ങൾ ‘അസാപ്’ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒൻപതു സ്‌കിൽ പാർക്കുകൾ പൂർത്തിയായിട്ടുണ്ട്. കിൻഫ്രയിലും വിഴിഞ്ഞത്തുമുൾപ്പെടെ ഏഴെണ്ണം കൂടി പൂർത്തിയാകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


അറിവിനൊപ്പം തൊഴിൽപരിശീലനം കൂടി നൽകാനാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സൗകര്യമൊരുക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. മികച്ച ഓപ്പറേറ്റിംഗ് പാർട്ട്ണർമാർ കൂടുതൽ കടന്നുവരുന്നത് ശുഭസൂചനയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവർക്കും തൊഴിൽ നൈപുണ്യം നൽകാനായാൽ അവരുടെ സേവനവും മുതൽകൂട്ടാകും എന്ന നിലയിൽ അവർക്കും പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അസാപിന്റെ പരിശീലനം നിരവധി അവസരങ്ങളാണൊരുക്കുന്നതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൂടുതൽ ഭാഷാ പരിജ്ഞാനം നേടുന്നത് ടൂറിസം ഉൾപ്പെടെയുളള മേഖലകളിൽ തൊഴിൽസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൗൺസിലർ സിന്ധു ശശി, സെൻറ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ: ഉഷ തോമസ്, മാർത്തോമ്മാ ചർച്ച് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ഡോ: രാജൻ വർഗീസ്, ഡോ: സഹദുള്ള തുടങ്ങിയവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: കെ.ടി ജലീൽ സ്വാഗതവും അസാപ് അഡീ: സെക്രട്ടറി ടി. രമേശ് നന്ദിയും പറഞ്ഞു.


കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിലോ പാർക്കിലെ 1.50 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്ക് എട്ടുമാസത്തിനകം പൂർത്തിയാകും. നിർമാണം പുരോഗമിക്കുന്നതിനൊപ്പം തന്നെ കോഴ്‌സുകൾ താത്കാലിക കേന്ദ്രത്തിൽ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടായിക്കോണം സെൻറ് തോമസ് കോളേജിൽ ട്രാൻസിറ്റ് ക്യാമ്പസ് ആരംഭിക്കുന്നത്.

വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നത തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാണ് വിദേശ എംബസികളുമായി സഹകരിച്ച് ബഹുഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ലിംഗ്വിസ്റ്റിക് സെൻററിലൂടെ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളും ഇംഗ്‌ളീഷ്, അറബിക്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും പരിശീലനം നൽകും. കഴക്കൂട്ടം ട്രാൻസിറ്റ് ക്യാമ്പസിൽ പ്രവർത്തനക്ഷമമാകുന്ന സെൻററിൽ തുടക്കത്തിൽ ജപ്പാൻ മിനിസ്ട്രി ഓഫ് എക്കോണമി ട്രേഡ് ആൻറ് ഇൻഡസ്ട്രിയുടെ കീഴിലുള്ള എ.ഒ.ടി.എസുമായി ചേർന്ന് ജാപ്പനീസ് ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ വിവിധ വിദ്യാഭ്യാസയോഗ്യതയുള്ളവർക്കായി വ്യത്യസ്തമായ സ്‌കിൽ കോഴ്‌സുകളുടെ പ്രദർശനമായ ‘സ്‌കിൽ മിത്ര 2019’ സ്‌കിൽ എക്‌സ്‌പോയും സെൻറ് തോമസ് കോളേജിൽ തുടങ്ങി. ഹെൽത്ത്‌കെയർ, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ കിംസ്, ജി.എം.ആർ ഏവിയേഷൻ തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളുടെ ദേശീയ/അന്തർദേശീയ അംഗീകാരമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ എക്‌സ്‌പോയിലൂടെ അവസരമുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ചലച്ചിത്ര സാങ്കേതിക മേഖലകളിൽ കോഴ്‌സുകൾ ചെയ്യുന്നതിനുള്ള അവസരവും കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ സർക്കാർ ഒരുക്കുന്നുണ്ട്.