പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് ബദല്‍ തേടുന്നവര്‍ക്ക് എരുമേലിയിലേക്ക് വരാം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് മട്ടന്നൂര്‍ നെടുംങ്കാവ് വയല്‍ പ്രദേശത്തെ നവകേരള കുടുംബശ്രീ യൂണിറ്റിലെത്തിയാല്‍ കമുകിന്‍ പാളകൊണ്ടുള്ള പാത്രങ്ങള്‍ ആവശ്യത്തിന് സ്വന്തമാക്കാം.
പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുന്നതിന് രണ്ടു വര്‍ഷം മുമ്പുതന്നെ ഇവര്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു. ലീഫ് ക്യാപ് മോള്‍ഡിംഗ് പ്രസ്സ് സംവിധാനം  ഉപയോഗിച്ചാണ് പാത്രനിര്‍മാണം.
മുറിച്ചെടുത്ത പാളകള്‍  നന്നായി കഴുകി കുതിര്‍ത്ത ശേഷം മഞ്ഞള്‍പൊടി തേക്കുന്നതോടെ നിറവും തിളക്കവും ലഭിക്കും. തുടര്‍ന്ന് യന്ത്രസഹായത്തോടെ പാത്രരൂപത്തിലാക്കുന്നു. പല വലിപ്പത്തിലും രൂപത്തിലുമുള്ള പാത്രങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. സാധാരണ പാത്രത്തിന് ആറ് രൂപയാണ് വില.
പാളകൊണ്ട് പാത്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗജന്യ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. ഇവിടെ പരിശീലനം നേടിയ പലരും പാത്ര നിര്‍മാണം ആരംഭിച്ചതായി യൂണിറ്റിന് നേതൃത്വം നല്‍കുന്ന കെ.വി. ബിന്ദുവും വനജകുമാരിയും പറയുന്നു. ഒന്നിന് മൂന്നര രൂപ നിരക്കില്‍ വടക്കാഞ്ചേരിയില്‍ നിന്നാണ് പാത്രങ്ങള്‍ക്കാവശ്യമായ പാളകള്‍ വാങ്ങുന്നത്. കുടുംബശ്രീയുടെ ധനസഹായത്തോടെയാണ് ഇവര്‍ യൂണിറ്റ് ആരംഭിച്ചത്.