*പൈതൃക പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു
    ചരിത്രത്തിലും പുരാരേഖകളിലും പുരാവസ്തുക്കളിലും അറിവുണ്ടാകുവാനും ചരിത്രസ്മാരകങ്ങളോട് മൂല്യബോധത്തോടെ പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് മ്യൂസിയം പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ മൂന്നു മേഖലകളില്‍ നിന്നു തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പുരാവസ്തു വകുപ്പ് സംഘടിപ്പിച്ച പൈതൃക പഠനയാത്ര മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    വിദ്യാര്‍ത്ഥികളില്‍ പൈതൃകാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒമ്പത് സ്‌കൂളുകളില്‍നിന്നു രണ്ട് വീതം കുട്ടികള്‍ക്കാണ് പൈതൃക പഠനയാത്രയ്ക്ക് അവസരം നല്‍കുന്നത്. രക്ഷകര്‍ത്താവിനും യാത്രയില്‍ കുട്ടിയോടൊപ്പം പങ്കെടുക്കാം. നിയമസഭാ മ്യൂസിയം, സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് തിരുവനന്തപുരം, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, പേപ്പാറ ഡാം, മീന്‍മുട്ടി, പൊന്‍മുടി, വിനോബാ നികേതന്‍ ആശ്രമവും മ്യൂസിയവും, ചിതറാള്‍ ജൈനക്ഷേത്രം, പദ്മനാഭപുരം കൊട്ടാരം, ഉദയഗിരിക്കോട്ട, വിഴിഞ്ഞം തുറമുഖം, കോവളം കൊട്ടാരം, മടവൂര്‍പ്പാറ ഗുഹാക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം, ശിവഗിരി ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി, പാപനാശം ബീച്ച്, വര്‍ക്കല തുരപ്പ്, ജനാര്‍ദനസ്വാമി ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നിവിടങ്ങളാണ് കുട്ടികള്‍ സന്ദര്‍ശിക്കുക.
    രാവിലെ എട്ടു മണിയോടെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മന്ത്രിയുടെ പത്‌നി സരസ്വതി ടീച്ചര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ പി. ബിജു, ആര്‍ക്കിയോളജിക്കല്‍ ഡയറക്ടര്‍ രജികുമാര്‍, മ്യൂസിയം  ഡയറക്ടര്‍ കെ. ഗംഗാധരന്‍, കേരള പൈതൃക മ്യൂസിയം  ഡയറക്ടര്‍ എസ്. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.