അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്‌സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ ഊര്‍ജ അവാര്‍ഡ് 2017 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ. ആര്‍.വി.ജി. മേനോന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കോട്ടയം ഞീഴൂര്‍ ഗ്രാമപഞ്ചായത്തും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ആലുവ മിത്രാധാം റിന്യുവബിള്‍ എനര്‍ജി സെന്ററും ഒരു ലക്ഷം രൂപയുടെ പുരസ്‌കാരത്തിന് അര്‍ഹമായി.
വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പാലക്കാട് അഹല്യ ആള്‍ട്ടര്‍നേറ്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും പുരസ്‌കാരം പങ്കിട്ടു. 50,000 രൂപയാണ് പുരസ്‌കാര തുക. വാണിജ്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കൊച്ചി വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡും പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടും അവാര്‍ഡിന് അര്‍ഹമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപ്പുഴ എസ്.ഡി കോളേജിനും കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിനുമാണ് പുരസ്‌കാരം.
തിരുവനന്തപുരം എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി, കണ്ണൂര്‍ വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജ്, കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിംഗ് കോളേജ്, കണ്ണൂര്‍ ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോട്ടയം ആനയ്ക്കല്‍ സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂള്‍, കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ്, കൊല്ലം കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്, തിരുവനന്തപുരം ഭാരത് സേവക് സമാജ്, അങ്കമാലി അന്ത്യോദയ, തൃശൂര്‍ കോര്‍പറേഷന്‍, വ്യക്തികളുടെ വിഭാഗത്തില്‍ വി. ജയപ്രകാശ്, ബാലന്‍ പി.എം, എം.ആര്‍. നാരായണന്‍, കെ. സുകുമാരന്‍ നായര്‍, പി. ദാമോദരന്‍ നായര്‍ എന്നിവര്‍ പ്രശസ്തി പത്രത്തിനും അര്‍ഹരായി. ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28 ന് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇതോടനുബന്ധിച്ച് അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ പ്രചരണവും പ്രദര്‍ശനവും പരിശീലനവും നടക്കും.