തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ് 24 മണിക്കൂറിനുളളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 6 പേരും ഇതിൽ ഉൾപ്പെടുന്നു. ജനറൽ ആശുപത്രിയിൽ 7 പേരും മെഡിക്കൽ കോളേജിൽ 14 പേരും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിൽ ഉളളത്.

രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 133 ആണ്. പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകളിൽ പുതുതായി സ്ഥിരീകരിച്ച കേസുകൾ ഇല്ല. ഇന്ന് ലഭിച്ച 2 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. മെഡിക്കൽ കോളേജിലും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലുമായി 96 ഐസൊലേഷൻ മുറികൾ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ 85 ഐസൊലേഷൻ മുറികളാണ് ഒരുക്കിയിട്ടുളളത്. വിവിധ സർക്കാർ ആശുപത്രികളിലായി പ്രത്യേക പരിശീലനം പൂർത്തിയാക്കിയ 1148 ഡോക്ടർമാരുടേയും 973 പാരാമെഡിക്കൽ ജീവനക്കാരുടേയും സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.

അത്യാവശ്യ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുളള മാസ്‌ക്, പിപിഇ കിറ്റ്, സാനിറ്റൈസർ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി 10 ആംബുലൻസുകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെൽപ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്-എക്സൈസ് സേനാംഗങ്ങൾ തുടങ്ങിയവർക്ക് ജില്ലാതലത്തിലും അങ്കണവാടി വർക്കർമാർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് വിവിധ ആരോഗ്യ സ്ഥാപനങ്ങൾ വഴിയും പരിശീലനം നൽകി. 4543 പേർക്കാണ് ഇതിനകം പരിശീലനം നൽകിയത്.

സംശയദൂരീകരണത്തിനും പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായും കൺട്രോൾ റൂമിലേക്ക് വിളിച്ചവരുടെ ഏണ്ണം 256 ആണ്. വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, കുടിവെളളം തുടങ്ങിയ സഹായങ്ങൾ എത്തിക്കുന്നതിനായി ദുരന്തനിവാരണ നിയമപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിട്ടുണ്ട്. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിലും ജില്ലാ കളക്ടറുടെ ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ റൂം – ഫോൺ: 0487-2320466 (ഐ.ഡി.എസ്.പി.), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്).
ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പറുകൾ 0487-2362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 0487 കോഡ് ചേർത്ത് വിളിക്കണം.).
തൃശൂർ മെഡിക്കൽ കോളേജ് കൺട്രോൾ യൂണിറ്റ് – 8547873420