പാലക്കാട്: എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയതോടെ ജില്ലയിലെ ഊട് വഴികള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായെന്ന് പരിപാടിയില്‍ അധ്യക്ഷനായ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക നിയമ, സാംസ്‌കാരിക,പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മദ്യാസക്തി എന്ന സാമൂഹ്യ വിപത്ത് നേരിടാന്‍ നിയമം കൊണ്ടുമാത്രം കഴിയില്ല.  അട്ടപ്പാടി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗ കോളനികളില്‍ മദ്യത്തിന്റെ ഉപയോഗം കൂടുതലാണ്.

മദ്യ,മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് ശക്തമായ നിയമങ്ങളും പിഴയും ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളെ ഇത്തരം നിയമത്തിന് ഇരയാകുന്ന രീതി  മാറ്റം ഉണ്ടാക്കാത്തതും അവരെ ദോഷകരമായി ബാധിക്കുന്നതുമാണ്. ബോധവല്‍ക്കരണമാണ് അനുയോജ്യമായ നടപടി. വിമുക്തി പദ്ധതിയിലൂടെ ആദിവാസി മേഖലകളില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.