അങ്കമാലി – കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന നവകേരളീയം – 2020 പദ്ധതിയുമായി ആലുവ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. 2019 ഡിസംബര്‍ 31 ന് കുടിശ്ശിക ആയിട്ടുള്ള വായ്പകളില്‍ പലിശയിനത്തില്‍ വന്‍ ഇളവുകളും പിഴപലിശ, മറ്റ് അനാമത്ത് ചിലവുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുന്ന പദ്ധതിയാണ് നവകേരളീയം – 2020. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ചാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് അങ്കമാലിയില്‍ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകാരികളേയും ജനപ്രതിനിധികളേയും സഹകരണവകുപ്പ് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചു കൊണ്ട് കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. നവകേരളീയം – 2020 പദ്ധതി പ്രകാരം സഹകാരികള്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം റോജി എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ.ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, ബാങ്ക് വൈസ് പ്രസിഡന്റ് പി.വി.പൗലോസ്, ഡയറക്ടര്‍ ജോര്‍ജ്ജ് പി.അരീയ്ക്കല്‍, കരയാംപറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി പള്ളിപ്പാടന്‍, അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സേതു പാര്‍വ്വതി എന്നിവർ സംസാരിച്ചു.