പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തു വിതരണത്തിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. അടുത്ത ഒന്‍പത് ദിവസത്തേക്കുള്ള അരി, സവോള, ഉരുളക്കിഴങ്ങ്, ആട്ട, പച്ചമുളക് എന്നിവയാണ് വിതരണം ചെയ്തത്.

ഏപ്രില്‍ 14 വരെ 103 ക്യാമ്പുകളിലെ 4074 തൊഴിലാളികള്‍ക്ക് ആകെ 14.5 ടണ്‍ അരിയാണ് നല്‍കിയത്. ഇതില്‍ 12.5 ടണ്‍ കണ്‍സ്യൂമര്‍ ഫെഡില്‍നിന്ന് ലഭ്യമാക്കി. രണ്ടു ടണ്‍ മേഖലയിലെ കെട്ടിട ഉടമകള്‍ നല്‍കി. മറ്റിനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പില്‍നിന്നും സ്പോണ്‍സര്‍ഷിപ്പ് മുഖേനയുമാണ് കണ്ടെത്തിയത്. സവോളയും കിഴങ്ങും 4.75 ടണ്‍ വീതവും ആട്ട മൂന്നു ടണ്ണുമാണ് നല്‍കിയത്. തൊഴിലാളികളുടെ പ്രതിനിധികളും അവര്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ ഉടമയും നേരിട്ടെത്തി രേഖയില്‍ ഒപ്പിട്ടാണ് ഇവ വാങ്ങുകയായിരുന്നു.

തഹസില്‍ദാര്‍ ജിനു പുന്നൂസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നല്‍കി.